തിരുവനന്തപുരം: മകന്റെ മരണത്തില്‍ നീതി തേടി വിനായകന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. ആരോപണവിധേരായ പൊലീസുകാര്‍ക്ക് എതിരെ പട്ടികജാതി നിയമപ്രകാരം കേസ്സെടുക്കണമെന്നും മുഖ്യമന്ത്രി മുന്‍കൈയെടുത്ത് അന്വേഷണനടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം നിവേദനം നല്‍കി.
മരണത്തില്‍ നിലവില്‍ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ലോകായുക്ത അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കുടുംബം മുഖ്യമന്ത്രിയെ കാണാനെത്തിയത്. വിനായകനെ കസ്റ്റഡിയിലെടുത്ത പാവറട്ടി സ്റ്റേഷനിലെ സി.പി.ഒ സാജൻ, ശ്രീജിത്ത് എന്നിവരര്‍ക്ക് എതിരെ പട്ടികജാതി നിയമപ്രകാരവും, ആത്മഹത്യാപ്രേരണയ്ക്കും കേസ്സെടുത്താതെയുള്ള അന്വേഷണത്തെയാണ് ലോകായുക്ത വിമര്‍ശിച്ചത്.
ഈ സാഹചര്യത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തണണെന്ന് കുടുംബം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 17നാണ് വിനായകനെയും സുഹൃത്ത് ശരതിനെയും പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.പിറ്റേന്ന് വീടിനുള്ളിൽ വിനായകനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാലക്കാട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
