തൃശൂര്‍: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി ദളിത് യുവാവ് വിനായകന്റെ ദുരൂഹമരണ കേസ് പുതിയ ദിശയിലേക്ക്. നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി പി.എന്‍.ഉണ്ണിരാജയോട് നേരില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് ലോകായുക്ത ഉത്തരവിട്ടു. 

ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രനാണ് കേസ് പരിഗണിച്ചത്. കേസ് അന്വേഷിച്ചിരുന്ന പാലക്കാട് ഡി.വൈ.എസ്.പി ഫിറോസ് എം.ഷഫീഖിനെ ലോകായുക്ത നാലാം പ്രതിയാക്കിയതിന് പിന്നാലെ, തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് കേസ് നിര്‍ണ്ണായകമായ വഴിത്തിരിവിലേക്കെന്ന സൂചന നല്‍കുന്ന വിധത്തിലുള്ള ലോകായുക്തയുടെ നിര്‍ണ്ണായക നടപടിയുണ്ടായത്.

പട്ടികജാതി അതിക്രമ നിരോധന നിയമ വകുപ്പും, ആത്മഹത്യാ പ്രേരണ വകുപ്പുകളും ചുമത്താതിരുന്നത് സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനാണോ, മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട ലോകായുക്ത, ഇങ്ങനെയെങ്കില്‍ ഡി.ജി.പിയെ വിളിച്ചു വരുത്തേണ്ടിവരുമെന്ന് വാക്കാല്‍ പരാമര്‍ശവും നടത്തി. കേസില്‍ ചുമത്തേണ്ടിയിരുന്ന വകുപ്പുകള്‍ ചുമത്താതിരുന്നതിന്റെ കാരണം അന്വേഷിച്ച് കോടതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഫിറോസ് എം.ഷഫീഖ് നല്‍കിയ മറുപടിയും ലോകായുക്ത തള്ളി. കോടതിയുടെ ചോദ്യത്തിന് ശരിയായ അര്‍ഥത്തിലല്ല ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയതെന്നും ലോകായുക്ത നിരീക്ഷിച്ചു. 

കേസ് അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജക്ക് കൈമാറിയതിനെയും ലോകായുക്ത വിമര്‍ശിച്ചു. 2017 നവംബറില്‍ കേസ് പരിഗണിച്ചപ്പോഴുണ്ടായ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണോ പുതിയ അന്വേഷണത്തിന് നിര്‍ദ്ദേശിച്ചതെന്നും ഇതിന്റെ ഉത്തരവ് നേരില്‍ ഹാജരാക്കാനുമാവശ്യപ്പെട്ടാണ് എസ്.പി ഉണ്ണിരാജക്കും, ഡി.വൈ.എസ്.പി ഫിറോസ് എം.ഷഫീഖിനും ലോകായുക്ത ഉത്തരവായത്. 2017 ജൂണ്‍ 17 ന് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത വിനായകന്‍ 18 നാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. വിനായകന്റെ അച്ഛന്‍ ചക്കാണ്ടന്‍ കൃഷ്ണനും, അമ്മയും, സഹോദരനും തിങ്കളാഴ്ച കോടതിയില്‍ ഹാജരായിരുന്നു.