തെരച്ചിലിനൊടുവില്‍ കുട്ടിയും പിതാവും രണ്ടാനമ്മയും താമസിച്ചിരുന്ന വീടിന്റെ മുകളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അബുദാബി: 11 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാന്‍ പൗരന് വധശിക്ഷ. കൊലപാതകം, പീഡനം എന്നിങ്ങനെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തപ്പെട്ട പ്രതിക്ക് നേരത്തെ അബുദാബി ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇന്ന് അപ്പീല്‍ കോടതിയും ശിക്ഷ ശരിവെയ്ക്കുകയായിരുന്നു. 

അസാന്‍ മജീദ് എന്ന പാകിസ്ഥാനി ബാലനെ 2017, ജൂണ്‍ ഒന്നിനാണ് പള്ളിയില്‍ നിന്ന് വരുന്ന വഴിയില്‍ വെച്ച് കാണാതായത്. തെരച്ചിലിനൊടുവില്‍ കുട്ടിയും പിതാവും രണ്ടാനമ്മയും താമസിച്ചിരുന്ന വീടിന്റെ മുകളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ബന്ധു കൂടിയായി പാകിസ്ഥാന്‍ സ്വദേശി ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തില്‍ മുറുക്കികൊല്ലുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടിയെ ആക്രമിക്കാനായി ഇയാള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ പെണ്‍വേഷം ധരിച്ചാണ് എത്തിയതെന്നും പള്ളിയില്‍ നിന്ന് വരുന്ന വഴി കുട്ടിയെ വീടിന് മുകളിലേക്ക് പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. 

കഴിഞ്ഞ നവംബറിലാണ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍ അപ്പീല്‍ കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു. നിരപരാധിയായ തന്നെ പ്രതിയാക്കിയതാണെന്നും കുറ്റക്കാരനെന്ന് കണ്ടെത്താന്‍ മതിയായ തെളിവുകളില്ലെന്നും ഇയാള്‍ വാദിച്ചു. എന്നാല്‍ ഇത് തള്ളിയ കോടതി, പ്രതിക്ക് ശിക്ഷ വിധിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് പ്രഖ്യാപിച്ച് വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. നഷ്ടപരിഹാരം സ്വീകരിച്ച് ശിക്ഷാ ഇളവ് നല്‍കാന്‍ കുട്ടിയുടെ കുടുംബം വിസമ്മതിച്ചതോടെ കോടതി വധശിക്ഷ ശരിവെച്ചു. ശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് പ്രതിക്ക് ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കാനാവും.