കോഴിക്കോട് : സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കോഴിക്കോട്ട് നിന്ന് കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 64 ആയി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്ന് മാത്രം 9 മൃതദേഹങ്ങള്‍ കണ്ടെത്തി. ഈ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

കണ്ടെത്തിയവയില്‍ 36 മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. ഇതില്‍ 13 മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. തിരുവനന്തപുരത്ത് എട്ടും എറണാകുളത്ത് ഏഴും മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. കൊല്ലം, തൃശൂര്‍, മലപ്പുറം എന്നി ജില്ലകളിലായി എട്ട് മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. കാണാതായ കൂടുതല്‍ പേരെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.