ടെഹ്‌റാന്‍: ഇറാനെ ഞെട്ടിച്ച് തലസ്ഥാന നഗരത്തില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ മരണം 12 ആയി. ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തിലും, രാജ്യത്തിന്റെ ആത്മീയ നേതാവായിരുന്ന അയത്തുള്ള ഖൊമേനിയുടെ ശവകൂടീരത്തിലുമാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ത്താണ് പാര്‍ലമെന്റിനുള്ളിലേക്ക് നാല് അക്രമികള്‍ ഇരച്ച് കയറിയത്. നിരവധി പേരെ ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് രാജ്യത്തിന്റെ ആത്മീയ നേതാവായിരുന്നു അയത്തൊള്ള ഖൊമേനിയുടെ ശവകൂടീരത്തിലും വനിതാ ചാവേര്‍ പൊട്ടിത്തെറിച്ചു.

ഇരു സംഭവങ്ങളിലുമായി നാല്‍പ്പതിലധികം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ആറ് മണിക്കൂറിലധികം നീണ്ട് നിന്ന ഏറ്റുമുട്ടലിന് ശേഷമാണ് പാര്‍ലമെന്റിനുള്ളില്‍ കടന്ന് കൂടിയ അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തിയത്. മൂന്നാമതൊരു സ്‌ഫോടന പദ്ധതിയെ സുരക്ഷാ സേന തകര്‍ത്തതായും വിവരം പുറത്ത് വരുന്നുണ്ട്.