ലാസ്‌വെഗാസ്: അമേരിക്കയിലെ ലാസ്‌വെഗാസിലുണ്ടായ വെടിവയ്പിൽ മരണം 50 കടന്നു. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ലാസ്‌വെഗാസിലെ മൻഡേലെ ബേ കാസിനോയില്‍ നടന്ന സംഗീത പരിപാടിക്കിടെ രണ്ടുപേര്‍ വെടിവയ്ക്കുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. കാസിനോയുടെ 32-ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നും രണ്ടു പേർ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

അതേസമയം പോലീസ് നടത്തിയ വെടിവയ്പ്പിൽ അക്രമം നടത്തിയ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമിക്കൊപ്പമുണ്ടായിരുന്ന യുവതി ഹോട്ടലിൽ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. ഇതേതുടർന്നു പ്രദേശത്തുനിന്നു പോലീസ് ആളുകളെ പൂർണമായും ഒഴിപ്പിച്ചതായാണ് വിവരം. യുവതിക്കായുള്ള തെരച്ചിൽ പോലീസ്ഊർജിതമാക്കി.

മാൻഡേലെ ബേ കാസിനോയുടെ സമീപപ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞു പോകണമെന്ന് പോലീസ് നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.പോലീസ് മുന്നറിയിപ്പിനെ തുടർന്നു ലാസ് വെഗാസ് മക്കാരൻ വിമാനത്താവളം വഴിയുള്ള വിമാനങ്ങൾ വഴിതിരിച്ചു വിടുകയാണ്.