തൃശൂര്‍: ഡിസംബറിന്റെ തണുപ്പ് തുടങ്ങും മുമ്പേ ശക്തിവേലും കൂട്ടരും പാലയ്ക്കല്‍ റോഡിന്റെ ഓരത്തെത്തും, ദൈവപുത്രനായി പുല്‍ക്കൂടൊരുക്കാന്‍. തൃശൂര്‍ ജില്ലയിലെ ഭൂരിഭാഗം പുല്‍ക്കൂടുകളിലും ശാക്തിവേലിന്റെയും കൂട്ടരുടെയും കൈയൊപ്പുണ്ടാകും. ജില്ലയിലെ ഭൂരിഭാഗം കച്ചവട കേന്ദ്രങ്ങളിലേക്കുമുള്ള പുല്‍കൂട് ഇവരില്‍ നിന്ന് പോയ്ക്കഴിഞ്ഞു. ശക്തിവേലടക്കം കോയമ്പത്തൂര്‍ ആര്‍എസ് പുരത്തെ പത്തോളം പേര്‍ കഴിഞ്ഞ ഒന്നരമാസത്തോളമായി തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റോഡിലെ പാലയ്ക്കല്‍ വളവിലും പരിസരത്തുമായിരുന്ന് പുല്‍കൂട് തയ്യാറാക്കുന്നുണ്ട്.
കൂടിനുള്ള മുള ഇവിടെ നിന്ന് സുലഭമായി ലഭിക്കുമെന്നതാണ് പാലയ്ക്കലിനെ നിര്‍മാണ കേന്ദ്രമാക്കാന്‍ കാരണം. കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളമായി തങ്ങള്‍ ഇവിടെയാണ് ക്രിസ്മസ് കാലം കഴിച്ചുകൂട്ടാറെന്ന് ഇവര്‍ പറയുന്നു. അസംകൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചതിനാല്‍ കൂടിന്റെ വിലയിലും ഇക്കുറി മാറ്റം വരുത്തിയിട്ടുണ്ട്. കച്ചവടക്കാര്‍ നേരിട്ടെത്തിയാണ് ഇവിടെനിന്നും വില്പനയ്ക്കുള്ള കൂടുകള്‍ വാങ്ങിപ്പോകുന്നത്.

റോഡരികായതിനാല്‍ യാത്രക്കാരും വിലപേശി കൂട് വാങ്ങുന്നുണ്ട്. 200 മുതല്‍ 500 രൂപ വരെയുള്ള കൂടുകളാണ് തയ്യാറാക്കുന്നത്. കടകളിലെത്തുമ്പോള്‍ തുകയില്‍ വീണ്ടും വര്‍ദ്ധന വരും. കൂടിന് പുറമെ വിവിധ രൂപങ്ങളിലുള്ള നക്ഷത്രങ്ങളും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്. ഓര്‍ഡര്‍ അനുസരിച്ചുള്ള വലുപ്പത്തിലും രൂപത്തിലും നിര്‍മ്മിക്കും. 300 രൂപ മുതല്‍ 500 രൂപ വരെയാണ് സാധാരണ മുള നക്ഷത്രത്തിന്റെ വില.
മുളയ്ക്ക് ഇത്തവണ 40, 50 രൂപയുടെ വില വര്‍ദ്ധനവുണ്ട്. കഴിഞ്ഞ തവണ 110 രൂപയ്ക്ക് വാങ്ങിയ മുളയ്ക്ക് ഇക്കുറി 150 ഉം 160 ഉം കൊടുക്കണം. ജിഎസ്ടിയുടെ വരവുകൂടിയായതോടെ കൂടു നിര്‍മാണത്തിനുള്ള മുള്ളാണിയുടെയും കെട്ടുകമ്പിയുടെയും വിലയില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. ഒരാള്‍ ഒരു ദിവസം പത്ത് കൂട് നിര്‍മ്മിക്കും. ഭക്ഷണത്തിന് മുമ്പത്തേക്കാളും വില കൂടിയത് വരുമാന പ്രതീക്ഷകളുടെ താളം തെറ്റിച്ചിട്ടുണ്ടെന്ന് ശക്തിവേല്‍ പറയുന്നു. റോഡരികായതിനാല്‍ കിടന്നുറങ്ങാന്‍ പണം വേണ്ടെന്നതാണ് മിച്ചം. പ്രയാസങ്ങള്‍ എന്തായാലും ആരോഗ്യമനുവദിച്ചാല്‍ അടുത്ത ക്രിസ്മസിനും കൂടൊരുക്കാനെത്തുമെന്ന് ശക്തിവേല്‍ പറഞ്ഞു.
