ന്യൂഡല്‍ഹി: ഐസിസി സംഘടിപ്പിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ പാകിസ്താനില്‍ പോയി കളിക്കുന്ന കാര്യത്തില്‍ ബിസിസിഐ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. 

കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോഡുമായി ബിസിസിഐ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സിയായ നാഡയുടെ പരിശോധന നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ബിസിസിഐ അധികൃതര്‍ കേന്ദ്രമന്ത്രിയെ കണ്ടത് ഇതോടൊപ്പം പാകിസ്താനുമായുള്ള കളിയുടെ കാര്യവും ചര്‍ച്ചയാവുകയായിരുന്നു.

2012-ന് ശേഷം ഇന്ത്യയോ പാകിസ്താനോ സ്വന്തം ഹോം ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയിട്ടില്ല. ഉടന്‍ ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനായി ഐസിസി തയ്യാറാക്കിയ മാച്ച് ഷെഡ്യൂള്‍ അനുസരിച്ച് ഇരുരാജ്യങ്ങളും ഒരു മത്സരമെങ്കിലും കളിക്കേണ്ടതുണ്ട്. 2015-നും 2023-നും ഇടയില്‍ ആറ് ക്രിക്കറ്റ് പരമ്പരകള്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘടിപ്പിക്കാന്‍ ബിസിസിഐയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ 2014-ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ പാകിസ്താനുമായുള്ള കളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതോടെ മത്സരങ്ങള്‍ നടന്നില്ല. ഇതേ തുടര്‍ന്ന് പിസിബി ബിസിസിഐയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. 

ബിസിസിഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാഹുല്‍ ജോഹ്രി ജനറല്‍ മാനേജര്‍ പ്രൊഫ. രത്‌നാകര്‍ ഷെട്ടി എന്നിവര്‍ രാജ്യവര്‍ധന്‍ സിംഗ് റത്തോഡുമായി നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ചയായിട്ടുണ്ടെന്ന് ഒരു ബിസിസിഐ ഭാരവാഹിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ പാകിസ്താനുമായി കളിക്കുന്ന കാര്യത്തില്‍ കായികമന്ത്രാലയത്തോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര അഭ്യന്തരമന്ത്രാലയവും സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്ത്യന്‍ താരങ്ങള്‍ക്ക്  ഉത്തേജകമരുന്ന് പരിശോധന നിര്‍ബന്ധമാക്കണമെന്നാണ് നാഡ നിലപാട് കടുപ്പിച്ചതോടെയാണ് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബിസിസിഐ അധികൃതര്‍ കേന്ദ്രമന്ത്രിയെ കാണേണ്ടി വന്നത്.  ആഗോള ഉത്തേജകമരുന്ന് വിരുദ്ധ സംഘടനയായ വാഡയുമായി ബിസിസിഐ സഹകരിക്കുന്ന സാഹചര്യത്തില്‍ നാഡയുടെ പരിശോധന കൂടി നടത്തേണ്ടതില്ലെന്നതാണ് ബിസിസിഐ നിലപാട്.