കുവൈത്തില്‍ ചികിത്സാഫീസ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയ വിദേശികളുടെ എണ്ണം 30 ശതമാനം കുറഞ്ഞതായി ആരോഗ്യമന്ത്രി. ഫീസ് വര്‍ധനവില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച മുതലാണ് സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും വിദേശികള്‍ക്കുള്ള ചികിത്സാനിരക്ക് വര്‍ധന പ്രാബല്യത്തിലായത്. മൂന്ന് ദിവസം കൊണ്ട് ചികിത്സ തേടിയെത്തിയവരുടെ എണ്ണത്തില്‍ 30 ശതമാനം കുറവ് വന്നതായാണ് ആരോഗ്യവകുപ്പ് മന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി അറിയിച്ചത്. നിലവിലെ സ്ഥിതി വിവിധ ഹെല്‍ത്ത് സോണ്‍ ഡയറക്ടര്‍മാരുമായി സ്ഥിതി വിലയിരുത്തി വരുന്നുണ്ട്. തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍, വീട്ടുജോലിക്കാര്‍, ബെദൂനികള്‍ (പതിറ്റാണ്ടുകളായി രാജ്യത്ത് കഴിയുന്ന പൗരത്വ രഹിതര്‍) തുടങ്ങിയവരെ നിരക്കു വര്‍ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെട്രോളിയത്തിന്റെ വില കുറഞ്ഞതിനെത്തുടര്‍ന്നാണ് മറ്റു മാര്‍ഗങ്ങളില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസികള്‍ക്കു നല്‍കുന്ന സേവനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിരവധി മെഡിക്കല്‍ സേവനങ്ങള്‍ക്ക് വലിയ ഫീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഫീസ് വര്‍ധന കുവൈറ്റിന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 130 ശതമാനം വര്‍ധനയാണ് കണക്കുകൂട്ടുന്നത്. നിലവിലുള്ള 130 ദശലക്ഷം ദിനാര്‍ 300 ദശലക്ഷം ദിനാറായി വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.