ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കോണ്‍ഗ്രസിന് ഉള്ളത് മറ്റാര്‍ക്കും വിട്ടു കൊടുക്കരുതെന്ന് ഡീന്‍ കുര്യാക്കോസ്
തിരുവനന്തപുരം: ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കോണ്ഗ്രസിന് തന്നെ ഉള്ളതാണെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. അത് മറ്റാര്ക്കും വിട്ടു കൊടുക്കരുത്. കേരള കോണ്ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനവും രാജ്യസഭ സീറ്റും തമ്മില് ബന്ധമില്ലെന്നും ഡീന് തിരുവനന്തപുരത്ത് പറഞ്ഞു. യുഡിഎഫിലും കോൺഗ്രസിലും നിർണായക മാറ്റങ്ങൾക്ക് വഴി തുറന്ന് ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഡീനിന്റെ പ്രതികരണം.
നേരത്തേ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൂടി അർഹതപ്പെട്ടതാണന്ന് പരസ്യമായി പ്രസ്താവിച്ച് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. കെ എം മാണിയെ മുന്നണിയിലെത്തിക്കുന്നതിനൊപ്പം കോണ്ഗ്രസിന്റെ ഏകപക്ഷീയമായ നീക്കങ്ങള് ഹൈക്കമാന്റിനെ ധരിപ്പിക്കാന് കൂടിയാണ് ലീഗ് ലക്ഷ്യമിടുന്നത്. മുന്നണി കണ്വീനര് സ്ഥാനം ഘടകകക്ഷികള്ക്ക് നല്കണമെന്നും ലീഗ് ആവശ്യപ്പെട്ടേക്കും എന്നാണ് വിവരം. ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലൊന്നു മാണി കോണ്ഗ്രിസിന്റേതാണ്.
എന്നാല് മാണിയെ മുന്നണിയിലെത്തിക്കാന് ലീഗ് കാര്യമായി ശ്രമിക്കുമ്പോഴും കോണ്ഗ്രസ് ഈ സീറ്റ് അടക്കം അവര്ക്ക് അര്ഹതപ്പെട്ട കാര്യങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല. കെ എം മാണിയെ മുന്നണിയിലെത്തിക്കാന് നടത്തുന്ന നീക്കങ്ങൾക്ക് കോണ്ഗ്രസിലൊരു വിഭാഗം തുരങ്കം വെക്കുന്നു. അവരുടെ ആവശ്യങ്ങളെക്കുറിച്ച് കോണ്ഗ്രസ് ഹൈക്കമാന്റിനെ അറിയിക്കുന്നില്ല എന്നൊക്കെയാണ് ലീഗിന്റെ വിലയിരുത്തല്. ഉമ്മന്ചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തില് നിന്ന് മാറ്റിയതിലും ലീഗിന് വിയോജിപ്പുണ്ട്. എന്നാല് ഇപ്പോഴത് ഉന്നയിക്കാതെ കേരളത്തിലെ സാമുദായികവിഭാഗങ്ങള് യുഡിഎഫിനെ കൈവിടുന്നതിലുള്ള ആശങ്കയറിയിക്കാനാണ് നീക്കം.
