തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമായ ന്യൂനമര്‍ദ്ദം കേരളതീരത്തു നിന്നും ഗതിമാറി ഒമാൻ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. ലുബ്നു ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദമാണ് അറബിക്കടലില്‍ ലക്ഷദ്വീപിനരികിലൂടെ ഒമാന്‍ തീരത്തേക്ക് നീങ്ങുന്നത്. 

ഞായറാഴ്ച്ച ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്ത് നേടി തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് 960 കി.മീ വടക്ക് പടിഞ്ഞാറും, ഒമാനിലെ സലാലയ്ക്ക് 1336 കിമീ കിഴക്കുമായാണ് ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഉള്ളത്.   

തിങ്കളാഴ്ച്ച രാവിലെ എട്ട് മണിയോടെ ഇത് അതിതീവ്രന്യൂനമര്‍ദ്ദമായും ചുഴലിക്കാറ്റായും മാറും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 70 കിമീയ്ക്ക് മുകളിലായാല്‍ ന്യൂനമര്‍ദ്ദത്തെ ചുഴലിക്കാറ്റായി കേന്ദ്രകാലാവസ്ഥാ നിരീക്ഷവിഭാഗം പ്രഖ്യാപിക്കും. 

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്പോള്‍ തന്നെ ഇപ്പുറം ആന്‍ഡമാന്‍ തീരത്തും മറ്റൊരു ന്യൂനമര്‍ദ്ദം രൂപം കൊണ്ടത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറില്‍ ത് തീവ്രന്യൂനമര്‍ദ്ദമായി മാറി ഒഡീഷ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്തിന്‍റെ തെക്ക് കിഴക്കന്‍ തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സംസ്ഥാനത്ത് മഴ കുറയുന്നു
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മഴ കുറയുന്നു. അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച
ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ച പശ്ചാത്തലത്തില്‍ ചെറുതോണിന്‍റെ ഡാമിന്‍റെ ഷട്ടര്‍ അടച്ചു. അതേസമയം, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്.

ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്ത് ദുര്‍ബലമായതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഒഴിഞ്ഞത്. കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഇടുക്കി,പത്തനംതിട്ട, മലപ്പുറം,പാലക്കാട്, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു. നേരിയ മഴയ്ക്കുളള മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ തുടരുകയാണ്.

ന്യൂനമര്‍ദ്ദം ദുര്‍ബലമായെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ കെഎസ്ഇബി അടച്ചു. മറ്റ് 12 ഡാമുകളുടെയും ഷട്ടര്‍ ഉടനടയ്ക്കും. മലയോര മേഖലകളില്‍ വിനോദ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും പിന്‍വലിച്ചു. കണ്‍ട്രോള്‍ റൂമുകള്‍ തുടരണമോ എന്ന് അതത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനമെടുക്കാം.ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടര്‍ അടച്ചതിനോടൊപ്പം തന്നെ മറ്റ് 12 ഡാമുകളിലെ ഷട്ടറും അടക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം അടക്കമുളള ജില്ലകളിലെ പല ഭാഗങ്ങളിലും ഇന്ന് മഴ ഉണ്ടായിരുന്നു. 

സംസ്ഥാനത്തുളള ദേശീയ ദുരന്ത പ്രതികരണ സേനയെ നാളെ തിരിച്ചയച്ചേക്കും. അതേസമയം കടല്‍പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്കുളള ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്.  ഒരറിയിപ്പുണ്ടാകും വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫഷറീസ് വകുപ്പ് അറിയിച്ചു.