സമൂഹ മാധ്യമങ്ങളില്‍ വധഭീഷണി മുഴക്കിയവര്‍ക്കെതിരായ കേസില്‍ തൃശൂര്‍ കേരള വര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്ത് കോടതിയില്‍ രഹസ്യമൊഴി നല്‍കി. നീതി കിട്ടുന്നത് വരെ കേസുമായി മുന്നോട്ട് പോകുമെന്ന് ദീപ നിശാന്ത് പറഞ്ഞു.
 
തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് എം.എഫ് ഹുസൈന്റെ സരസ്വതി എന്ന ചിത്രം കോളജില്‍ പ്രദര്‍ശിപ്പിച്ചത് ബി.ജെ.പിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും പ്രതിഷേധത്തിനിടയാക്കിയിരുന്നു. എസ്.എഫ്.ഐയെ അനുകൂലിച്ച് കോളജിലെ മലയാളം വിഭാഗം അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വധഭീഷണിയും അപകീര്‍ത്തികരമായി മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഔട്ട്‍സ്‌പോക്കണ്‍, കാവിപ്പട തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ ദീപ നിശാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് ദീപ നിശാന്ത് തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. പല സംസ്ഥാനങ്ങളിലും തനിക്കെതിരെ കേസ് നല്‍കി മാനസികമായി തളര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും ദീപ നിശാന്ത് പറഞ്ഞു. സംഭവത്തില്‍ ഫേസ്ബുക്കിന് നല്‍കിയ പരാതിയില്‍ പരിശോധന തുടരുകയാണ്. പ്രചരിപ്പിച്ച ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ ഫേസ്ബുക്ക് അക്കൗണ്ട് ഒഴിവാക്കുകയും ചെയ്തതിനാല്‍ കണ്ടെത്താന്‍ പ്രയാസമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.