വിവാദത്തിന് പുറകേയാണ് ദീപാ നിശാന്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായെത്തുന്നത്. 


ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിധി കര്‍ത്താവായി ദീപാ നിശാന്തും. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയായ ഇവര്‍ അടുത്തിടെ കവി എസ് കലേഷിന്‍റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച് വിവാദത്തില്‍പ്പെട്ടിരുന്നു. 

വിവാദത്തിന് പുറകേയാണ് ദീപാ നിശാന്ത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മലയാളം ഉപന്യാസ മത്സരത്തിന് വിധികര്‍ത്താവായെത്തുന്നത്. വിവാദം ഉണ്ടാകുന്നതിന് മുമ്പേ ഇവരെ മലയാളം ഉപന്യാസത്തിന് വിധികര്‍ത്താവായി തീരുമാനിച്ചിരുന്നു. 

വിദ്യാഭ്യാസ വകുപ്പ് ദീപാ നിശാന്തിനെ വിധികര്‍ത്താവുന്നതില്‍ നിന്ന് തടയില്ലെന്ന് അറിയിച്ചു. ദീപയെ വിധികര്‍ത്താവായി ക്ഷണിച്ചതില്‍ അപാകതയില്ലെന്ന് ഡിപിഐ അറിയിച്ചു. എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദീപാ നിശാന്ത് വിധികര്‍ത്താവാകാന്‍ എത്തുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. 

2011 ല്‍ കവി എസ് കലേഷ് എഴുതിയ ' അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ' എന്ന കവിതയാണ് ദീപാ നിശാന്ത് കോളേജ് അധ്യാപക സംഘടനയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചത്. തന്‍റെ കവിത ദീപാ നിശാന്ത് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് പറഞ്ഞ് എസ് കലേഷ് രംഗത്തെത്തിയതോടെയാണ് കവിതാ മോഷണം പുറത്തറിഞ്ഞത്. 

ആദ്യം തന്‍റെ കവിതയാണെന്ന് പറഞ്ഞ് രംഗത്തെത്തിയ ദീപാ നിശാന്ത് പിന്നീട് സുഹൃത്ത് ശ്രീചിത്രന്‍ തന്‍റെ പേരില്‍ പ്രസിദ്ധീകരണത്തിന് നല്‍കിയതാണെന്ന് സമ്മതിക്കുകയായിരുന്നു. കവിത എസ് കലേഷിന്‍റെതാണെന്ന് തനിക്ക് അറിയില്ലെന്നും കലേഷിനോട് മാപ്പ് ചോദിക്കുന്നതായും പിന്നീട് ദീപ പറഞ്ഞു.