ഗേറ്റ് പൂട്ടിയോ എന്ന് രണ്ട് തവണ പരിശോധിച്ചതിന് ശേഷം മാത്രമേ വീടിനകത്ത് കയറാറുള്ളൂ. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം. മയക്കുമരുന്ന് പോലെയുള്ള വസ്തുക്കൾ വീട്ടിൽ വച്ച് തന്നെ കുടുക്കാനും അവർ ചിലപ്പോൾ പദ്ധതി തയ്യാറാക്കിയേക്കാമെന്നും ഇവർ വെളിപ്പെടുത്തുന്നു.
മുംബൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്നും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും വെളിപ്പെടുത്തി കത്വ കേസ് അഭിഭാഷക ദീപിക് സിംഗ് രജാവത്. കത്വ പെൺകുട്ടിയുടെ കേസ് ഏറ്റെടുത്ത ശേഷം ബലാത്സംഗ ഭീഷണികളും വധഭീഷണികളും താൻ നിരന്തരമായി നേരിട്ട് കൊണ്ടിരിക്കുകയാണെന്നും ദീപിക സിംഗ് വെളിപ്പെടുത്തി. ഓരോ ദിവസവും ജാഗ്രതയോടെയാണ് ജീവിക്കുന്നത്. ഏതെങ്കിലും ഒരു ദിവസം താൻ കൊല്ലപ്പെട്ടേക്കാമെന്ന് ആശങ്കയോടെ ആവർത്തിക്കുകയാണ് ഈ അഭിഭാഷക.
2018 ജനുവരിയിലാണ് കത്വയിൽ എട്ടുവയസ്സുകാരിയായ പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത്. ഈ കേസ് ദീപിക സിംഗ് ഏറ്റെടുത്ത് പത്ത് മാസം പിന്നിടുമ്പോഴും ഭീഷണികൾ അതേ പടി നിലനിൽക്കുകയാണെന്നും അഭിഭാഷക വിശദമാക്കുന്നു. ജനുവരിയിൽ ദീപികയ്ക്കും കുടുംബത്തിനും സംസ്ഥാന പൊലീസ് സുരക്ഷയേർപ്പെടുത്തിയിരുന്നു. ഗേറ്റ് പൂട്ടിയോ എന്ന് രണ്ട് തവണ പരിശോധിച്ചതിന് ശേഷം മാത്രമേ വീടിനകത്ത് കയറാറുള്ളൂ. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം. മയക്കുമരുന്ന് പോലെയുള്ള വസ്തുക്കൾ വീട്ടിൽ വച്ച് തന്നെ കുടുക്കാനും അവർ ചിലപ്പോൾ പദ്ധതി തയ്യാറാക്കിയേക്കാമെന്നും ഇവർ വെളിപ്പെടുത്തുന്നു.
ആറുവയസ്സുകാരിയുടെ അമ്മയാണ് താനെന്നും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തന്നെ ഭയപ്പെടുത്തുന്നു എന്നും ഇവർ പറയുന്നു. രാജ്യദ്രോഹിയായി മുദ്ര കുത്തുന്നത് കണ്ടപ്പോൾ ഭർത്താവിനും ആശങ്കയുണ്ടായിരുന്നു. അപകടത്തിൽ ചെന്ന് ചാടരുതെന്ന് മാതാപിതാക്കളും സഹോദരങ്ങളും ഉപദേശിച്ചു. അവരെല്ലാം ഭീതിയോടെയാണ് ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. ഇത്രയേറെ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് കേസ് ഏറ്റെടുക്കുമ്പോൾ ചിന്തിച്ചിരുന്നില്ലെന്നും ദീപിക സിംഗ് രജാവത് പറയുന്നു.
