മുംബൈ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ആര്‍എസ്എസ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാരം യച്ചൂരി എന്നിവര്‍ക്കെതിരെ ആര്‍എസ്എസ് മാനനഷ്ട കേസ് ഫയല്‍ ചെയ്തു. മുംബൈയിലെ കുര്‍ല മജിസ്‌ട്രേ‌റ്റ് കോടതിയില്‍ അഡ്വ. ദ്രുതിമാന്‍ ജോഷി മുഖേനയാണ് കേസ് ഫയല്‍ ചെയ്തത്.

ഗൗരി ലങ്കേഷിന്‍റെ കൊല്ലപാതകത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ആര്‍എസ്എസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഗൗരി ലങ്കേഷിനെ കൊന്നത് മാവോയിസ്റ്റുകളാണെന്നാണ് ആര്‍എസ്എസും ബിജെപിയും വാദിക്കുന്നത്. കൊലപാതകത്തില്‍ ആര്‍എസ്എസിനെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നതായി അഭിഭാഷകന്‍ ദ്രുതിമാന്‍ ജോഷി ആരോപിച്ചു. 

കേസിനെ നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് മുംബൈ റീജിയണല്‍ പ്രസിഡന്‍റ് സഞ്ജയ് നിരുപം അറിയിച്ചു. മാനനഷ്ടക്കേസില്‍ ഒക്ടോബര്‍ 22ന് കുര്‍ല മജിസ്‌ട്രേ‌റ്റ് കോടതി വാദം കേള്‍ക്കും. സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗലുരുവിലെ വസതിയില്‍ ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ വ്യക്തമായ സൂചനകള്‍ ലഭിക്കാതെ പൊലിസ് ഇരുട്ടില്‍ തപ്പുമ്പോളാണ് ആര്‍എസ്എസിന്‍റെ നീക്കം.