കൊച്ചി/തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ ഓഖി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ സംസ്ഥാനം വിറങ്ങലിച്ചു നിന്നപ്പോള്‍ തുണയായത് വ്യോമ-നാവിക സേനകള്‍. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്നലെ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ വ്യോമസേനയും നാവികസേനയും ഇന്ന് കൂടുതല്‍ വിമാനങ്ങളും ഹെലികോപ്ടറുകളും രംഗത്തിറക്കി വിപുലമായ രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. 

രാവിലെ മുതല്‍ അറബിക്കടലിന് ചുറ്റും പറന്നു നടന്ന വ്യോമസേനയുടേയും നാവികസേനയും നിരീക്ഷണവിമാനങ്ങള്‍ പ്രക്ഷുബ്ധമായ കാലാവസ്ഥയും ഇന്ധനം തീര്‍ന്നത് കാരണവും ഒറ്റപ്പെട്ടു പോയ ബോട്ടുകള്‍ കണ്ടെത്തുകയും വിവരം സമീപത്തുള്ള കപ്പലുകളേയും ഹെലികോപ്ടറുകളേയും അറിയിക്കുകയും ചെയ്തു. 

ഇങ്ങനെ വിവിധ ബോട്ടുകളിലായി ഒരുമിച്ചു നിന്ന മുപ്പത്തോളം മത്സ്യബന്ധനത്തൊഴിലാളികളെ കരയിലെത്തിക്കുവാന്‍ നാവികസേനയുടെ കപ്പലെത്തിയെങ്കിലും ബോട്ട് ഉപേക്ഷിച്ചു വരാന്‍ സാധിക്കില്ലെന്ന നിലപാടാണ് മത്സ്യത്തൊഴിലാളികള്‍ സ്വീകരിച്ചത്. തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മാത്രം തന്നാല്‍ മതിയെന്നും കടല്‍ ശാന്തമായാല്‍ തിരിച്ചു കരയിലേക്ക് വന്നോളമെന്നുമാണ് ഇവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 

ദിശതെറ്റിയും നിയന്ത്രണമില്ലാതേയും അറബിക്കടലിന്റെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞ പല ബോട്ടുകളില്‍ നിന്നും വ്യോമ-നാവിക സേനകളും കോസ്റ്റ് ഗാര്‍ഡും ആളുകളെ രക്ഷിച്ചിട്ടുണ്ട്. ചില ബോട്ടുകള്‍ ഒഴിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഇതിലുണ്ടായിരുന്നവര്‍ക്ക് എന്ത് പറ്റിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സുരക്ഷാസേനകളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയവരെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും വ്യോമ-നാവിക കേന്ദ്രങ്ങളിലും കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനുകളിലും എത്തിക്കുന്നുണ്ടെങ്കിലും രക്ഷപ്പെട്ടവര്‍ ആരൊക്കെയാണെന്ന കാര്യത്തിലും ഇനിയും വ്യക്തതയില്ല. വിഴിഞ്ഞം, പൂന്തുറ മേഖലകളില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ചിലരെ രക്ഷപ്പെടുത്തി കൊല്ലത്ത് എത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. 

തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സംബന്ധിച്ച വിശദവിവരങ്ങള്‍ സമയബന്ധിതമായി അറിയുവാന്‍ പൂന്തുറയില്‍ കണ്‍ട്രോള്‍ റൂം തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൂന്തുറയില്‍ നിന്നു മാത്രം നൂറുകണക്കിനാളുകളെ കാണാതായിട്ടും അവിടേയ്ക്ക് ജില്ലാ കളക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ആരും വരാത്തതില്‍ പ്രദേശവാസികള്‍ക്ക് അമര്‍ഷമുണ്ട്. രാവിലെ ഇവിടെ സന്ദര്‍ശിക്കാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് നാട്ടുകാര്‍ ഇക്കാര്യം പറയുകയും ചെയ്തു.