അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും അതീവജാഗ്രത തുടരുമ്പോഴും പാകിസ്ഥാന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പലയിടത്തും പ്രകോപനത്തിന് ശ്രമിച്ചു. പഞ്ചാബിലെ ഗുരുദാസ്‍പൂരില്‍ രണ്ടു സ്ഥലത്താണ് പാകിസ്ഥാന്‍ സേന വെടിവച്ചത്. അന്താരാഷ്‌ട്ര അതിര്‍ത്തിയിലെ ഈ പാക് പ്രകോപനത്തില്‍ ഷാപൂര്‍ ഗ്രാമത്തില്‍ നാല് നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഒരു പാകിസ്ഥാന്‍ പോസ്റ്റ് ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. നിയന്ത്രണ രേഖയില്‍ അഖ്നൂരിലും ബിംബേറിലും ഉള്‍പ്പടെ അഞ്ചിടങ്ങളില്‍ ഇരു സേനകളും പരസ്‌പരം വെടിവച്ചു. ഇന്നലെ ബാരാമുള്ളയില്‍ നടന്ന ഭീകരാക്രമണത്തില്‍ മരിച്ച ബി.എസ്.എഫ് ജവാന്‍ നിതിന് രാജ്യം ആദരാഞ്ജലി അര്‍പ്പിച്ചു. ജവാന്റെ മൃതദേഹം സ്വദേശമായ ഉത്തര്‍പ്രദേശിലെ ഇട്ടയിലേക്ക് കൊണ്ടു പോയി. ആക്രമണം നടത്തിയത് ജയ്ഷെ മുഹമ്മദ് ഭീകരരാണെന്ന് വ്യക്തമായി. ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
കശ്‍മീര്‍ വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിളിച്ച സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. അതിര്‍ത്തിയില്‍ സ്വീകരിക്കുന്ന നിലപാടിനും സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രധാന പ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ യോഗത്തില്‍ അറിയിച്ചു. ഇതിനിടെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവുമായി ടെലിഫോണില്‍ സംസാരിച്ചെന്നും സംഘര്‍ഷം കുറയ്‌ക്കാന്‍ ധാരണയിലെത്തിയെന്നും നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്‌ടാവ് സര്‍താജ് അസീസ് വെളിപ്പെടുത്തി. ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
