ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി

ശ്രീനഗര്‍: ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്‍ ഔറംഗസേബിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. വീരമൃത്യുവരിച്ച സൈനികന്‍റെ കുടുംബത്തോടൊപ്പം അരമണിക്കൂറോളം മന്ത്രി ചിലവഴിച്ചു.കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും കുടുംബത്തിന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി. 

ഇന്ത്യന്‍ സൈന്യത്തിലേയും കശ്മീര്‍ പോലീസിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് കേന്ദ്ര മന്ത്രി സൈനികന്‍റെ വസതി സന്ദര്‍ശിച്ചത്. കഴിഞ്ഞ ആഴ്ചയാണ് അവധിയെടുത്ത് വീട്ടിലേയ്ക്ക് പോകുകയായിരുന്ന സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും. 

പുല്‍വാമയിലെ കലംപോറയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മാറി ഗുസു ഗ്രാമത്തില്‍ വെച്ചാണ് സൈനികന്‍റെ മൃതദേഹം കണ്ടെത്തിയത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ സമീര്‍ ടൈഗറെ വധിച്ച സൈനിക സംഘത്തിലെ അംഗമായിരുന്നു ഔറംഗസേബ്. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുമ്പോഴായിരുന്നു ഔറംഗസേബിനെ ഭീകരര്‍ കൊലപ്പെടുത്തിയത്.