കഴിഞ്ഞ ഒന്നാം തീയതിയാണ് സൈന്യം പശ്ചിമബംഗാളിലെ ടോള്‍ പ്ലാസകളില്‍ പരിശോധന നടത്തിയത്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി ഒരു ദിവസം സെക്രട്ടറിയേറ്റില്‍ പ്രതിഷേധിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെയാണ് നടപടിയെന്ന മമതയുടെ ആരോപണം അന്ന് തന്നെ സൈന്യവും പ്രതിരോധ മന്ത്രിയും തള്ളിയിരുന്നു. സൈന്യത്തിന്റെ നിലപാട് ന്യായീകരിച്ച് പ്രതിരോധമന്ത്രി മമതക്ക് ഇപ്പോള്‍ കത്തയച്ചു.
മുഖ്യമന്ത്രിയുടെ അഭിപ്രായം വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിയ പ്രതിരോധമന്ത്രി, ഇത്രയും പരിണിതപ്രജ്ഞയായ ഒരാളില്‍ നിന്നും ഈ നിലപാട് പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് ആരോപണങ്ങള്‍ ഉന്നയിത്താനുള്ള അവകാശമുണ്ടെന്നും എന്നാല്‍ സൈന്യത്തെക്കുറിച്ച് പറയുമ്പോള്‍ അതീവജാഗ്രത വേണമെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു. കത്ത് മുഖ്യമന്ത്രിക്കെത്തും മുന്‍പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
