Asianet News MalayalamAsianet News Malayalam

സിബിഐ മേധാവിയെ നിയമിക്കുന്നതിലെ കാലതാമസം:കേന്ദ്ര സർക്കാരിനെ പഴിച്ച് ഖാർഗെ

നാലുമണിക്കൂറിലധികം നീണ്ടുനിന്ന ഇന്നലത്തെ യോഗത്തിൽ രണ്ട് വിഭാഗമായി 79 പേരുകളാണ് സെലക്ഷൻ സമിതി പരിശോധിച്ചത്. എൻ ഐ എ മേധാവി വൈ സി മോദിയും കേരള പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയുടെ പേരും വരെ യോഗത്തിൽ ചര്‍ച്ച ചെയ്തിരുന്നു

delay in appointing new chief for cbi Mallikarjun Kharge blames central government
Author
New Delhi, First Published Jan 25, 2019, 4:08 PM IST

ദില്ലി: സിബിഐ മേധാവിയെ നിയമിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന് കേന്ദ്ര സര്‍ക്കാരിനെ പഴിച്ച് മല്ലികാര്‍ജ്ജുന്‍ ഖാർഗെ. ഉദ്യോഗസ്ഥരെ കുറിച്ച് ഒരു വിവരവും നൽകാതെയാണ് സെലക്ഷൻ സമിതി ചേർന്നതെന്ന് ഖാർഗെ ആരോപിച്ചു. സർക്കാരിന്റെ പിഴവുകൊണ്ടാണ് നിയമനം വൈകുന്നത്. ജനുവരി 31 ന് മുമ്പ് സെലക്ഷൻ സമിതി വീണ്ടും ചേരണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.  ഇന്നലെ ചേര്‍ന്ന സെലക്ഷൻ സമിതിയിൽ 79 പേരുകളാണ് ചര്‍ച്ച ചെയ്തത്.


നാലുമണിക്കൂറിലധികം നീണ്ടുനിന്ന ഇന്നലത്തെ യോഗത്തിൽ രണ്ട് വിഭാഗമായി 79 പേരുകളാണ് സെലക്ഷൻ സമിതി പരിശോധിച്ചത്. എൻ ഐ എ മേധാവി വൈ സി മോദിയും കേരള പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയുടെ പേരും വരെ യോഗത്തിൽ ചര്‍ച്ച ചെയ്തിരുന്നു. 1983, 84, 85 ബാച്ചുകളിലായി സിബിഐയിൽ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരുകളെല്ലാം സമിതി പരിശോധിച്ചു. ഇതിൽ 1985 ബാച്ചിലാണ് ലോക്നാഥ് ബെഹ്റയുടെ പേരും ചര്‍ച്ചക്ക് വന്നത്. 

എന്നാൽ ഓരോ ഉദ്യോഗസ്ഥരുടെയും വിശദമായ വിവരങ്ങളും അന്വേഷണ രംഗത്തെ പരിചയവും വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാർഗെ ആവശ്യപ്പെട്ടതോടെയാണ് തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്. അടുത്ത ആഴ്ച വീണ്ടും സെലക്ഷൻ സമിതി ചേരും. സാധാരണ രണ്ടോ മൂന്നോ ഉദ്യോഗസ്ഥരുടെ പേരുകൾ മാത്രമാണ് സെലക്ഷൻ സമിതിക്ക് മുമ്പിലേക്ക് വരാറുള്ളു.

സിബിഐയിലെ പുതിയ വിവാദങ്ങളുടെ പശ്ചാതലത്തിലാണ് ഉദ്യോഗസ്ഥരുടെ വലിയ പട്ടിക തന്നെ സെലക്ഷൻ സമിതിക്ക് മുമ്പാകെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വെച്ചത്. അലോക് വര്‍മ്മയെ പുറത്താക്കിയ ശേഷം താൽകാലിക ഡയറക്ടറായ എം നാഗേശ്വര്‍ റാവുവിന്‍റെ നിയമനവും സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കേസിൽ നിന്ന് ചീഫ് ജസ്റ്റിസിന് പിന്നാലെ ഇന്നലെ ജസ്റ്റിസ് എ കെ സിക്രിയും പിന്മാറിയിരുന്നു. അടുത്ത ആഴ്ചത്തേക്ക് കേസ് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. കേസ് പരിഗണിക്കുന്ന പുതിയ ബെഞ്ചിന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

Follow Us:
Download App:
  • android
  • ios