ബിസിനസ് ക്‌ളാസ് സൗകര്യം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ശിവസേന എം.പി രവീന്ദ്ര ഗേക് വാഡ് ഏയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഏയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള എല്ലാ ഏയര്‍ലൈന്‍സുകളും എം.പിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. വിഷയം പാര്‍ലമെന്റില്‍ വരെ വലിയ നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി. പിന്നീട് സ്പീക്കര്‍ സുമിത്ര മഹാജന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചാണ് എം.പിക്കുള്ള വിലക്ക് നീക്കാന്‍ ഏയര്‍ ഇന്ത്യ തയ്യാറായത്. 

ശിവസേന എം.പി ഉണ്ടാക്കിയ ബഹളത്തെ തുടര്‍ന്ന് 90 മിനിറ്റാണ് വിമാനം വൈകിയത്. അതിന് ശേഷം തൃണമൂല്‍ എം.പി ഡോള സെന്‍ വിമാനത്തില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് വിമാനം 39 മിനിറ്റ് വൈകി. ഈ സാഹചര്യത്തില്‍ ഇത്തരം സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഏയര്‍ ഇന്ത്യ തീരുമാനിച്ചത്. ശല്യക്കാരായ യാത്രക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം കനത്ത പിഴയും ഈടാക്കാനാണ് പുതിയ തീരുമാനം. 

യാത്രക്കാരുടെ പ്രശ്‌നത്തെ തുടര്‍ന്ന് വിമാനം ഒരു മണിക്കൂര്‍ വൈകിയാല്‍ അഞ്ച് ലക്ഷം രൂപയും രണ്ട് മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 15 ലക്ഷം രൂപ വരെയും പിഴ ഈടാക്കാനാണ് തീരുമാനം. യാത്രക്കാര്‍ക്ക് വിമാനയാത്രക്ക് തടസ്സങ്ങള്‍ ഉണ്ടാക്കിയാല്‍ ഉടന്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. 

എയര്‍ ഇന്ത്യ ജീവനക്കാര്‍ നേരിട്ട് മാധ്യമങ്ങളുമായി സംസാരിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളും പുതിയ തീരുമാനത്തിലുണ്ട്.