കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റപത്രം സ്വീകരിച്ചു. അഭിഭാഷകനൊപ്പം അങ്കമാലി മജിസ്‍ട്രേറ്റിന് മുന്നില്‍ ഹാജരായാണ് കുറ്റപത്രം സ്വീകരിച്ചത്. നിലവിലുള്ള ജാമ്യം വിചാരണ ഘട്ടത്തിലേക്കുകൂടി നീട്ടി നല്‍കണമെന്ന ദിലീപിന്റെ ഹ‍‍‍ര്‍ജിയും കോടതി അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കം 11 പ്രതികളോടും കുറ്റപത്രം സ്വീകരിക്കാന്‍ ഈ മാസം 19ന് ഹാജരാകാനായിരുന്നു കോടതി സമന്‍സ് നല്‍കിയത്. എന്നാല്‍ ഷൂട്ടിംഗ് അടക്കമുള്ള അസൗകര്യങ്ങള്‍ ചൂണ്ടികാട്ടി ഇന്ന് മജിസേട്റ്റിന് മുന്നില്‍ നേരിട്ട് ഹാജരായി ദിലീപ് കുറ്റപത്രം സ്വീകരിക്കുകയായിരുന്നു.

വൈകിട്ട് അഞ്ച് മണിയോടെയാണ് ദിലീപ് അഭിഭാഷകനായ രാമന്‍പിള്ളയോടൊപ്പമാണ് അങ്കമാലി മജിസ്ട്രറ്റ് കോടതിയിലെത്തിയത്. നിലവില്‍ ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ ഘട്ടത്തില്‍ കൂടി നീട്ടി നല്‍കണമെന്ന അപേക്ഷയും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ഹ‍ര്‍ജി അംഗീകരിച്ചു. കേസിലെ മറ്റ് പ്രതികളും അഭിഭാഷകരുമായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും 19ന് ഹാജരാകാന്‍ ചില അസൗകര്യങ്ങള്‍ ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം കുറ്റപത്രം സ്വീകരിച്ചിട്ടുണ്ട്.

മുഖ്യപ്രതി സുനില്‍ കുമാര്‍ അടക്കമുള്ളവര്‍ കൂട്ടുപ്രതികള്‍ 19ന് ഹാജരായി കുറ്റപത്രം കൈപറ്റും.സുനില്‍ കുമാര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ നാളെ അങ്കമാലി മജിസ്ട്രറ്റ് കോടതി വിധി പറയും. കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.