തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വൈകിട്ട് നാലിന് നടക്കാനിരിക്കുന്ന വനിതാമതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലണ്ടനിൽ മനുഷ്യച്ചങ്ങല ഒരുക്കും. ദില്ലിയിലും ദേശീയ മഹിളാ ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ വൈകിട്ട് മൂന്നിന് കേരളാ ഹൗസിന് മുന്നിൽ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ 300 കേന്ദ്രങ്ങളില്‍ മഹിളാ ഫെഡറേഷന്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ആനി രാജ അറിയിച്ചു.

ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബർ പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിൽ സെൻട്രൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനമായ ഇന്ത്യ ഹൗസിനു മുന്നിലാണു മനുഷ്യച്ചങ്ങല ഒരുക്കിയത്. കൊടുംതണുപ്പ് വകവയ്ക്കാതെ നൂറിലധികം പേർ പരിപാടിക്കെത്തി. ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെയും വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. 

മറ്റ് സംഘടനകളിലെ പ്രവർത്തകരും ഈ ഐക്യദാർഢ്യത്തിൽ പങ്കാളികളാകാൻ എത്തിച്ചേർന്നിരുന്നു. സ്ത്രീപ്രശ്നങ്ങൾ ഏറ്റെടുക്കുന്നത് വർ​ഗസമരത്തിന്റെ ഭാ​ഗമാണെന്നും വനിതാമതിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാ​ഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം സംര​ക്ഷിക്കുക എന്നതാണ് വനിതാമതിലിന്റെ ലക്ഷ്യം. ആചാരങ്ങൾ പലതും മാറ്റിമറിച്ചാണ് നവേത്ഥാന കേരളം മുന്നോട്ട് സഞ്ചരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.