ദില്ലി: പൊലീസ് ബാരിക്കേഡുകൾ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന വയർ കഴുത്തിൽകുരുങ്ങി മുറിവേറ്റ് ബൈക്ക് യാത്രികൻ മരിച്ചു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് പ്ലേസിലാണ് അപകടമുണ്ടായത്. ഡിസ്കോ ജോക്കിയായ അഭിഷേക് കുമാർ എന്ന ഇരുപത്തൊന്നുകാരനാണ് മരിച്ചത്.
ഇയാൾ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴി, ശകുർപുർ മേഖലയിലെ റോഡിലേക്കുള്ള വഴി തടസപ്പെടുത്തി പൊലീസ് അലക്ഷ്യമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡിൽ തട്ടി ഇയാൾ വീഴുകയായിരുന്നു. കഴുത്തിനു മുറിവേറ്റ അഭിഷേക് സംഭവസ്ഥലത്തുതന്നെ മരിച്ചു.
അതിവേഗത്തിലെത്തിയ അഭിഷേക് ബാരിക്കേഡുകൾ യോജിപ്പിക്കാൻ ഉപയോഗിച്ച വയർ ശ്രദ്ധിച്ചിരിക്കാൻ സാധ്യതയില്ലെന്നു പൊലീസ് പറയുന്നു. ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് നാലു പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
