ഫയലുകളില്‍ ഒപ്പിടാതെയും യോഗങ്ങളില്‍ പങ്കെടുക്കാതെയും ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരാഴ്ച്ചയായി ഉദ്യോഗസ്ഥര്‍ നടത്തിയ നിസ്സഹകരണം അവസാനിച്ചു.

ദില്ലിയില്‍ ചീഫ് സെക്രട്ടറിയെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ മര്‍‍ദ്ദിച്ചതിന് ശേഷമുണ്ടായ ഭരണ പ്രതിസന്ധിയ്‌ക്ക് പരിഹാരം. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വിളിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശും ഉദ്യോഗസ്ഥരും പങ്കെടുത്തു. മര്‍ദ്ദനക്കേസില്‍ പ്രകാശ് ജാര്‍വാള്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ ദില്ലി തീസ് ഹസാരി കോടതി വീണ്ടും തള്ളി.

ഫയലുകളില്‍ ഒപ്പിടാതെയും യോഗങ്ങളില്‍ പങ്കെടുക്കാതെയും ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരാഴ്ച്ചയായി ഉദ്യോഗസ്ഥര്‍ നടത്തിയ നിസ്സഹകരണം അവസാനിച്ചു. ബജറ്റ് സമ്മേളനത്തീയതി പ്രഖ്യാപിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വിളിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും പങ്കെടുത്തു. ദേഹോപദ്രവമോ അപമാനമോ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ യോഗത്തില്‍ പങ്കെടുക്കാമെന്ന് ചീഫ് സെക്രട്ടറി കത്തിലൂടെ കെജ്‍രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചതോടെയാണ് ദില്ലിയില്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. 

കെജ്‍രിവാളിന്റെ വീട്ടില്‍ ഈ മാസം 19ന് നടന്ന യോഗത്തില്‍ ആംആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ കയ്യേറ്റം ചെയ്തെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാതി. എം.എല്‍.എമാരായ അമാനത്തുള്ള ഖാനേയും പ്രകാശ് ജര്‍വാളിനേയും പൊലീസ് അറസ്റ്റ് ചെയ്യുകയും കെജ്‍രിവാളിന്റെ വീട്ടിലെ സി.സി.ടി.വി ക്യാമറകള്‍ റെയ്ഡ് നടത്തി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രണ്ട് എം.എല്‍.എമാരും റിമാന്‍ഡിലാണ്.