മധ്യദില്ലിയിലെ പഹര്‍ഗഞ്ചിലുള്ള ഫ്‌ളാറ്റിലെ രണ്ടാം നിലയിലാണ് പുലര്‍ച്ചെ ആറുമണിയോടെ തീപിടുത്തമുണ്ടായത്.
ദില്ലി: അഗ്നി വിഴുങ്ങിയ ഫ്‌ളാറ്റില്‍ കുടുങ്ങിപ്പോയ ദമ്പതികളെ രക്ഷിക്കാന്‍ പോലീസുകാര്‍ തീര്‍ത്തത് മനുഷ്യച്ചങ്ങല. മധ്യദില്ലിയിലെ പഹര്‍ഗഞ്ചിലുള്ള ഫ്‌ളാറ്റിലെ രണ്ടാം നിലയിലാണ് പുലര്‍ച്ചെ ആറുമണിയോടെ തീപിടുത്തമുണ്ടായത്. രക്ഷപ്പെടുന്നതിനായി പുറത്തേക്ക് ഓടിയ നവദമ്പതികള്‍ ബാല്‍ക്കണിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന് സഹായത്തിനായി നിലവിളിച്ച ഇവരെ രക്ഷിക്കാനായി പോലീസുകാര്‍ കെട്ടിടത്തിലേക്ക് ഓടിക്കയറി.
നാലാം നിലയില്‍ നിന്നും ഗോവണികെട്ടിയിറക്കിയ പോലീസുകാര്‍ ഇവര്‍ക്ക് സമീപമെത്തി. പിന്നീട് പരസ്പരം കൈകോര്‍ത്ത് മനുഷ്യച്ചങ്ങല തീര്‍ത്ത് ദമ്പതികളെ രക്ഷപ്പെടുത്തുകയായിരുന്നു. തീതൊട്ടടുത്തെത്തിയപ്പോഴേക്കും ഇവരെ പോലീസുകാര്‍ വലിച്ചെടുത്തു. താഴ്‌നിലയിലാണ് തീപിടുത്തമുണ്ടായത്. ഇതോടെ ഫ്‌ളാറ്റിനുള്ളില്‍ കുടുങ്ങിയവര്‍ മുകള്‍നിലകളിലേക്ക് ഓടിക്കയറി.
കെട്ടിടത്തിനുള്ളിലേക്ക് പ്രവേശനം പോലും കഴിയാതിരിക്കേയാണ് കോണ്‍സ്റ്റബിള്‍മാരായ മനോജ് കുമാറും അമിതും മറ്റു പോലീസുകാരുടെ സഹായത്തോടെ ഒരു വാതില്‍ തല്ലിപ്പൊളിച്ച് അകത്ത്കയറി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫ്‌ളാറ്റില്‍ കുടുങ്ങിയ മറ്റൊരാളാകട്ടെ പ്രാണരക്ഷാര്‍ത്ഥം പുറത്തേക്ക് ചാടി. പരുക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു.
