ന്യൂഡല്‍ഹി: ഡൽഹിയിൽ ചിക്കൻ ഗുനിയയും ഡെങ്കിപ്പനിയും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദ്യയയെ ലഫ്റ്റനന്‍റ് ഗവർണ്ണർ ഫിന്‍ലന്‍റിൽ നിന്ന് തിരിച്ച് വിളിപ്പിച്ചു. പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ദില്ലിയിൽ നിന്ന് മാറിനിൽക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നടപടി.

ദില്ലിയിൽ ചിക്കൻഗുനിയ ബാധിച്ച് 18 പേരാണ് ഇതിനോടകം മരിച്ചത്. 2800ഓളം പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യം ഒരുക്കാൻ ഇത് വരെ ബന്ധപ്പെട്ട അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന ആരോപണം ശക്തമാണ്. മിക്ക ആശുപത്രികളിലും മണിക്കൂറുകളോളം കാത്തുനിന്നാലും ചികിത്സ കിട്ടാത്ത സാഹചര്യമാണുള്ളത്. രോഗികളെ കിടത്തി ചികിത്സിക്കാനും സ്ഥലമില്ല.

പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ദില്ലിയിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിലാണ് ലഫ്റ്റനന്‍റ് ഗവർണ്ണർ മനീഷ് സിസോദ്യയോട് തിരിച്ച് വരാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതേക്കുറിച്ച് തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിസോദ്യയുടെ വിശദീകരണം.

വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായാണ് സിസോദ്യയുടെ ഫിൻലാന്‍റ് സന്ദർശനം. എന്നാൽ സിസോദ്യ ഫിൻലാന്‍റിൽ അവധിക്കാലം ആഘോഷിക്കുകയാണെന്ന് പ്രതിപക്ഷത്തിന്‍റെ ആരോപണം.

ചികിത്സാ സൗകര്യം ഒരുക്കേണ്ടതിന്‍റെ ഉത്തരവാദിത്തം ലഫ്റ്റനന്‍റ് ഗവർണ്ണർക്കാണെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ട്വീറ്റും വിവാദമായിരുന്നു.