കഴിഞ്ഞ വർഷം നവംബറിലാണ് അങ്കമാലി സ്വദേശിയായ മഞ്ജുലാൽ മാത്യുവുമായി പെൺകുട്ടിയുടെ വിവാഹം നടന്നത്. പെൺകുട്ടിയുടെ സഹോദരനൊപ്പം ജോലി ചെയ്തിരുന്ന സന്ദീപ് പാണ്ഡേ എന്നയാളാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇയാളെ പരിചയപ്പെടുത്തിയത്. വിവാഹത്തിനു ശേഷം വീടു വാങ്ങുന്നതിനായി നൽകിയ അഡ്വാൻസ് തുകയായ 10 ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി പ്രതി കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്നും കടന്നു കളഞ്ഞെന്ന് പെൺകുട്ടിയും സഹോദരനും ദില്ലി പൊലീസിൽ പരാതി നൽകി.
ഡോക്ടറാണെന്നാണ് ഇയാൾ എല്ലാവരെയും വിശ്വസിപ്പിച്ചതെന്നും എന്നാൽ ഇയാൾ നഴ്സാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പെൺകുട്ടിയും സഹോദരനും പറയുന്നു. മഞ്ജുലാലിന്‍റെ സഹോദരിയെന്ന് പരിചയപ്പെടുത്തിയ യുവതി ഇയാളുടെ മുൻ ഭാര്യയാണെന്നും ഇവർ ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകാനായി സ്റ്റേഷനിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ കേസെടുക്കാൻ തയ്യാറായില്ലെന്നും ഇവർ പറഞ്ഞു.

