ദില്ലി: ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണ സംവിധാനം നടപ്പാക്കുന്നത് മാറ്റി വച്ചു. ഇരുചക്രവാഹന യാത്രക്കാരെയും സ്ത്രീകളെയും നിയമത്തില്‍ നിന്നൊഴിവാക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം ദേശീയ ഹരിത ട്രൈബൂണല്‍ നിരസിച്ചതോടെയാണിത്. തിങ്കളാഴ്ച ട്രൈബൂണലില്‍ വീണ്ടും ഹര്‍ജി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഒറ്റ, ഇരട്ട അക്ക സംവിധാനം നടപ്പാക്കുന്നത് നീട്ടിവയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്ന് ലക്ഷം പേരാണ് ദിവസേന ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്. ഇത്രയും ആളുകള്‍ക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്താനാവില്ല. ഇരുചക്ര വാഹനയാത്രക്കാരെയും സ്ത്രീകളെയും ഒഴിവാക്കാതെ നിയന്ത്രണം നടപ്പിലാക്കാന്‍ കഴിയില്ലെന്നതാണ് തീരുമാനത്തിന് പിന്നില്‍.
ഇരുചക്രവാഹന യാത്രക്കാരെ ഒഴിവാക്കിയില്ലെങ്കില്‍ പൊതുഗതാഗത സംവിധാനം തടസ്സപ്പെടുമെന്നും നിയന്ത്രണം സ്ത്രീകളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബൂണലിനെ അറിയിച്ചിരുന്നു. എന്നാല്‍ ആവശ്യം നിരസിച്ച ട്രൈബൂണല്‍ ആംബുലൻസ്, പോലീസ് മറ്റ് അടിയന്തര സംവിധാനം എന്നിവയൊഴികെ എല്ലാ വാഹനങ്ങൾക്കും ഇത് ബാധകമാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് നിയന്ത്രണം നടപ്പാക്കുന്നത് സര്‍ക്കാര്‍ നീട്ടി വച്ചത്.
തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ട്രൈബൂണലിന് മുന്‍പാകെ ഹര്‍ജി നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ക്കിംഗ് ഫീസ് നാലിരട്ടി വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ട്രൈബൂണല്‍ വിമര്‍ശിച്ചു. തുടര്‍ന്ന് മലിനീകരണം തടയാന്‍ പര്യാപ്തമാണെങ്കില്‍ ഒറ്റ, ഇരട്ട അക്ക സംവിധാനം എന്തുകൊണ്ട് നേരത്തേ നടപ്പാക്കിയില്ലെന്നും ചോദിച്ചു. ഇതിനിടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചും ഫയർഎഞ്ചിൻ വഴിയും മരങ്ങളിൽ വെള്ളം തളിക്കുന്നതിന് അധികൃതർ നടപടി തുടങ്ങി
