2016-ല്‍  ജോലിക്കിടെ കൊല്ലപ്പെടുന്ന അര്‍ധസൈനികര്‍ക്ക് രക്തസാക്ഷി പദവി നല്‍കണം എന്നാവശ്യപ്പെട്ട് അഭിഷേക് ചൗധരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 

ദില്ലി: സേവനത്തിനിടെ കൊല്ലപ്പെടുന്ന സൈനികരുടേയും അര്‍ധസൈനികരുടേയും പേരിനൊപ്പം രക്ഷതസാക്ഷിയെന്നോ ഷഹീദെന്നോ ചേര്‍ത്ത് വിളിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. 

സേവനത്തിനിടെ കൊല്ലപ്പെടുന്ന പട്ടാളക്കാരുടെ പേരിനൊപ്പം ഷഹീദ്, രക്തസാക്ഷി എന്നീ വിശേഷണങ്ങളിലൊന്ന് ചേര്‍ത്തു പറയാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെടണം എന്നാവശ്യപ്പെട്ടാണ് അഭിഷേക് ചൗധരി എന്ന അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോന്‍, ജസ്റ്റിസ് വികെ റാവോ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.2016-ല്‍ ജോലിക്കിടെ കൊല്ലപ്പെടുന്ന അര്‍ധസൈനികര്‍ക്ക് രക്തസാക്ഷി പദവി നല്‍കണം എന്നാവശ്യപ്പെട്ട് അഭിഷേക് ചൗധരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 

എന്നാല്‍ ഹര്‍ജി തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി അന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഇതേ വിഷയത്തിലെ പ്രധാന ഹര്‍ജി ഒരു തവണ തള്ളിയിട്ടും ഉപഹര്‍ജിയുമായി വന്ന അഭിഭാഷകന്‍റെ നടപടി നിര്‍ഭാഗ്യകരമായി പോയെന്ന് ചൊവ്വാഴ്ച്ച ഹര്‍ജി തള്ളിക്കൊണ്ട് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു.