അരവിന്ദ് കെജ്‍രിവാൾ നടത്തുന്ന സമരത്തിന് ദില്ലി ഹൈക്കോടതിയുടെ വിമർശനം സമരത്തിന് ആരാണ് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു ലഫ്റ്റന്റ്റ് ഗവർണറുടെ ഓഫീസിലോ വീട്ടിലോ സമരം നടത്താനാകില്ലെന്നും കോടതി
ദില്ലി: ലെഫ്റ്റനന്റ് ഗവർണറുടെ ഔദ്യോഗിക വസതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തുന്ന സമരത്തിന് ദില്ലി ഹൈക്കോടതിയുടെ വിമർശനം. സമരത്തിന് ആരാണ് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. ലഫ്റ്റന്റ്റ് ഗവർണറുടെ ഓഫീസിലോ വീട്ടിലോ സമരം നടത്താനാകില്ലെന്നും കോടതി പരാമർശിച്ചു.
ലഫ്. ഗവര്ണറുടെ വീട്ടില് നടത്തുന്ന ധര്ണയെ സമരമെന്ന് വിളിക്കാനാകില്ല. വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് സമരം എന്ന് ചൂണ്ടിക്കാട്ടിയപ്പോള്, ആരാണ് അതിന് അധികാരം നല്കിയതെന്നും കോടതി ചോദിച്ചു. ഒരാഴ്ചയിലധികമായി നീളുന്ന കെജ്രിവാളിന്റെ സമരത്തിനെതിരെ ബിജെപി നേതാവ് വിജേന്ദര് ഗുപ്ത സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ പരാമര്ശം. സമരം ഭരണഘടനാവിരുദ്ധമാണെന്നും ഭരണസ്തംഭനത്തിന് ഇടയാക്കിയെന്നുമാണ് ഹർജിക്കാരുടെ വാദം.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നാല് മന്ത്രിമാരും നടത്തുന്ന സമരം എട്ടാം ദിവസവും തുടരുകയാണ്. ദില്ലിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥര് തുടരുന്ന നിസഹകരണം അവസാനിപ്പിക്കാതെ ലെഫ്.ഗവര്ണറുടെ വസതിയിലെ സത്യാഗ്രഹ സമരം നിര്ത്തില്ലെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രഖ്യാപനം. പ്രശ്നത്തിലിടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇതിനിടെ നിരാഹാരത്തെ തുടർന്ന് ആരോഗ്യനില വഷളായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയിലേക്ക് മാറ്റി.
