കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ഓര്‍ഡിനന്‍സിനെ വിമർശിച്ച് ദില്ലി ഹൈക്കോടതി

ദില്ലി: പോക്സോ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഓർഡിനൻസിനെതിരെ വിമർശനവുമായി ദില്ലി ഹൈക്കോടതി. ഓർഡിനൻസ് പുറത്തിറക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാർ കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പന്ത്രണ്ട് വയസു വരെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് ഈ മാസം 21നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

ഓർഡിനൻസ് പുറത്തിറക്കുന്നതിൽ കേന്ദ്രം തിടുക്കം കാട്ടിയെന്നും കോടതി വിമര്‍ശിച്ചു.കത്വ, സൂറത്ത് പീഡനക്കേസുകളില്‍ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് പോക്സോ നിയമഭേദഗതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചാല്‍‌ കുറഞ്ഞത് 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. പരമാവധി ശിക്ഷയായി വധശിക്ഷയും. കൂട്ട ബലാത്സംഗത്തിന് ആജീവനാന്തം ജയില്‍ അല്ലെങ്കില്‍ വധശിക്ഷ ആകും നല്‍കുക.

12നും 16നും ഇടയില്‍ പ്രായമുളള കുട്ടികളെ പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ 10 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമാക്കി. സ്ത്രീകളെ പീഡിപ്പിച്ചാല്‍ കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമാക്കി. വധശിക്ഷ വ്യവസ്ഥചെയ്ത് പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.