ദില്ലി: മാതാപിതാക്കള്‍ അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ താമസിക്കണമെന്ന് അവകാശമുന്നയിക്കാന്‍ മക്കള്‍ക്ക് അനുവാദമില്ലെന്ന് ദില്ലി ഹൈക്കോടതി. മാതാപിതാക്കളും മക്കളും തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കുന്നിടത്തോളം കാലം വീട്ടില്‍ കഴിയാന്‍ അനുവദിക്കുന്നത് അവകാശമായി കാണരുതെന്നും മാതാപിതാക്കളുടെ കരുണയില്‍ മാത്രമേ മക്കള്‍ക്കു വീട്ടില്‍ കഴിയാന്‍ അനുവാദമുള്ളുവെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദില്ലി ഹൈക്കോടതി ജസ്റ്റീസ് പ്രതിഭാ റാണിയുടേതാണ് വിധി. മകന്‍ വിവാഹിതനോ അവിവാഹിതനോ ആണെന്നത് പ്രശ്‌നമല്ല. മാതാപിതാക്കള്‍ അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ കഴിയണമെന്നു വാദിക്കാന്‍ മക്കള്‍ക്കു നിയമപരമായി അവകാശമില്ലെന്നു കോടതി വ്യക്തമാക്കി.
മകനും മരുമകളും ചേര്‍ന്ന് തങ്ങളുടെ ജീവിതം നരകതുല്യമാക്കിയെന്നും വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്നും കാട്ടി മാതാപിതാക്കള്‍ വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആരോമണം തെറ്റാണെന്നും വീടിന് തനിക്കും അവകാശമുണ്ടെന്നും വീട് നിര്‍മ്മാണത്തിന് താനും സഹായിച്ചിട്ടുണ്ടെന്നും വാദിച്ചു.
എന്നാല്‍ ഇതു തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ മകന് നല്‍കാനായില്ല. ഇതേതുടര്‍ന്ന് മാതാപിതാക്കള്‍ക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു.
