മഴവില്‍ നിറമുള്ള തുവ്വാല കഴുത്തില്‍ ചുറ്റിയാണ് ഹോട്ടലിലെ ജീവനക്കാര്‍ നൃത്തം ചെയ്തത്. ഹോട്ടലിലെത്തിയവരോടും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു

സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതിയി വിധി പുറത്തുവന്നതോടെ രാജ്യമെമ്പാടും ആഘോഷങ്ങള്‍ നടക്കുകയാണ്. ചരിത്ര വിധിയെ സ്വാഗതം ചെയ്ത് ദില്ലിയിലെ ലളിത് ഹോട്ടലില്‍ അരങ്ങേറിയത് ഒരു നൃത്ത രൂപമാണ്. ഹോട്ടലിന്‍റെ എക്സിക്യൂട്ടിവ് ഡിറക്ടര്‍ കേശവ് സുരു പ്രമുഖ എല്‍ജിബിടി ആക്ടിവിസ്റ്റ് ആണ്. മഴവില്‍ നിറമുള്ള തുവ്വാല കഴുത്തില്‍ ചുറ്റിയാണ് ഹോട്ടലിലെ ജീവനക്കാര്‍ നൃത്തം ചെയ്തത്.

ഹോട്ടലിലെത്തിയവരോടും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇവര്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ''ഇത് ആഘോഷിക്കേണ്ട സമയാണ്. ഈ വിധിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ അഭിഭാഷകര്‍ക്കും നിയമജ്ഞര്‍ക്കും നന്ദി'' കേശവ് സൂരി പറഞ്ഞു.

Scroll to load tweet…

ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തില്‍ പറഞ്ഞു. വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്‍റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ബെഞ്ചിന്‍റെ യോജിച്ചുള്ള വിധിയാണെന്ന് ദീപക് മിശ്ര വ്യക്തമാക്കി. ലിംഗ വ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു.