സ്വര്‍ണക്കടത്തിന് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി ആഭരണവ്യാപാരി ഡിആര്‍ഐ ഓഫീസിനു മുകളില്‍ നിന്ന് ചാടി മരിച്ചു

ദില്ലി: സ്വര്‍ണക്കടത്തിന് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയ ആഭരണവ്യാപാരി ഡിആര്‍ഐ ഓഫീസിനു മുകളില്‍ നിന്ന് ചാടി മരിച്ചു. മധ്യ ഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സിലെ ഡിആര്‍ഐ ഓഫീസിലായിരുന്നു സംഭവം. ആഭരണവ്യാപാരി ഗൗരവ് ഗുപ്ത (40) ആണ് മരിച്ചത്.

കെട്ടിടത്തിന്റെ ആറാം നിലയിലെ ഓഫീസിന്റെ സന്ദര്‍ശക മുറിയില്‍ കാത്തിരുന്ന ഗൗരവ് പെട്ടെന്ന് ഓടി ഓഫീസിന്റെ ജനാല വഴി താഴേക്ക് ചാടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഗൗരവ് ഗുപ്തയുടെ വീടുകളില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 13 കോടി രൂപ മൂല്യമുള്ള 41 കിലോ സ്വര്‍ണവും 213 കിലോ വെള്ളിക്കട്ടിയും 48 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. ഷോപ്പുകളിലെ സേഫ് ഡോറിന്റെ പാനലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

എന്നാല്‍ ഗുപ്തയെ വിളിച്ചുവരുത്തുകയോ അറസ്റ്റു ചെയ്യുകയോ ആയിരുന്നില്ലെന്നും അയാള്‍ സ്വമേധയാ ഓഫീസില്‍ എത്തിയതാണെന്നുമാണ് ഡി.ആര്‍.ഐ ഭാഷ്യം.

ഇതിനിടെ മരണത്തില്‍ ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗുപ്തയുടെ ഭാര്യ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.