ദില്ലിക്ക് പിന്നാലെ മുംബൈയും ബെഗലൂരുവും ചെന്നൈയും പ്രതിരോധ പദ്ധതികള്‍ അന്തിമഘട്ടത്തിലെന്ന് സര്‍ക്കാര്‍

ദില്ലി: വിവിധ അസുഖങ്ങളെ തുടര്‍ന്ന് ദില്ലി നഗരത്തില്‍ 2016ല്‍ മാത്രം മരിച്ചത് 15,000 പേര്‍. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദ്രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങി പല അസുഖങ്ങളാലാണ് ഇത്രയും ജീവനെടുത്തിരിക്കുന്നതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എന്നാല്‍ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. 

തായ്‌ലാന്‍ഡില്‍ നിന്നും സിങ്കപ്പൂരില്‍ നിന്നുമുള്ള ഒരു കൂട്ടം ഗവേഷകരും ബോംബെ ഐഐടിയും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ആയിരക്കണക്കിന് പേരുടെ മരണകാരണം വെളിപ്പെടുത്തിയിരിക്കുന്നത്. 

അന്തരീക്ഷ മലിനീകരണമാണ് ക്രമേണ വിവിധ അസുഖങ്ങളായി മാറി ഇത്രയും ജീവനെടുത്തിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് മരണം സംഭവിക്കുന്ന കാര്യത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനമുണ്ട് ദില്ലിക്ക്. ബെയ്ജിംഗും ഷാങ്ഹായുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ദില്ലിക്ക് തൊട്ടുപുറകേ മുംബൈ നഗരവുമുണ്ട്. 10,500 ആണ് മുംബൈയിലെ ഒരു വര്‍ഷത്തെ മരണ നിരക്ക്. 

കൊല്‍ക്കത്ത, ബെഗലൂരു, ചെന്നൈ നഗരങ്ങളും ഈ പട്ടികയിലേക്കുള്ള മുന്നേറ്റത്തില്‍ തന്നെയാണെന്നാണ് പഠനം വിലയിരുത്തുന്നത്. അന്തരീക്ഷ മലിനീകരണമാണ് ദില്ലി നേരിടുന്ന ഏറ്റവും സുപ്രധാനമായ പ്രശ്‌നമെന്നും ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതി അന്തിമഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടിനോട് പ്രതികരിക്കവേ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ഡയറക്ടര്‍ അനുമിത റോയ് ചൗധരി അറിയിച്ചു.