അമ്മയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ മകനും സംഘവും മധ്യവയസ്കനെ കൊലപ്പെടുത്തി

ദില്ലി: അമ്മയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ മകനും സംഘവും മധ്യവയസ്കനെ കൊലപ്പെടുത്തി. ദില്ലി ദ്വാരകയിലെ പീര്‍ ബാബ മജാറിന് സമീപമാണ് അപ്രില്‍ 17 ഞെട്ടിക്കുന്ന സംഭവം നടന്നത്.രാജു എന്ന വിളിക്കുന്ന മാംജറിനെയാണ് അമാന്‍ എന്ന യുവാവും കൂട്ടാളികളായ ആഷിഷ്, സഹില്‍ എന്നിവര്‍ ചേര്‍ന്ന് കുത്തി കൊല്ലപ്പെടുത്തിയത്. മൂന്നുപേര്‍ക്കും 20 വയസാണ് പ്രായം.

 പ്രദേശത്ത് ഒരാള്‍ കുത്തേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ എത്തും മുന്‍പ് രാജു മരണമടഞ്ഞിരുന്നു. അമാന്‍റെ അമ്മയുമായി രാജുവിന് വഴിവിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകം നടക്കുന്നതിന്‍റെ തലേന്നും രാജു അമാന്‍റെ അമ്മയെ കാണാന്‍ വീട്ടില്‍ എത്തിയിരുന്നു. 

ഇതേചൊല്ലി അമാനും രാജുവും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതേകുറിച്ച് രാജുവിന്‍റെ ബന്ധുക്കള്‍ നല്‍കിയ സൂചനയാണ് പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ അമാനെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പോലീസ് പിടികൂടിയത്. 

കൊലക്കുറ്റം സമ്മതിച്ച അമാന്‍ തനിക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. രാജു പതിവായി വീട്ടില്‍ എത്തിയിരുന്നുവെന്നും ഇത് പാടില്ലെന്ന് താന്‍ താക്കീത് നല്‍കിയിരുന്നതാണെന്നും അമാന്‍ പറഞ്ഞു.