ഞായറാഴ്ച്ച 54 ശതമാനം പേര്‍ വിധിയെഴുതിയ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ഉറച്ച വിജയപ്രതീക്ഷയില്‍. മൂന്ന് കോര്‍പ്പറേഷനുകളിലുമായുള്ള ആകെയുള്ള 272 സീറ്റില്‍ വോട്ടെടുപ്പ് നടന്ന 270 വാര്‍ഡുകളില്‍ 200ലധികം സീറ്റുകളില്‍ ജയിക്കുമെന്നാണ് ബിജെപി ക്യാംപിന്റെ പ്രതീക്ഷ. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെല്ലാം 200 ലധികം സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. മൂന്ന് കോര്‍പ്പറേഷനും ഭരിക്കുന്ന ബിജെപി ഭരണവിരുദ്ധ വികാരം മറികടക്കാന്‍ എല്ലായിടത്തും പുതുമുഖങ്ങളെ രംഗത്തിറക്കിയത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

രജൗരി ഗാര്‍ഡന്‍ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ പരാജയം മറക്കാനിറങ്ങിയ ആംആദ്മി പാര്‍ട്ടിക്ക് ദില്ലി സര്‍ക്കാരിന്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ക്കും മേലെ 70ല്‍ 67 സീറ്റ് നേടിയ പ്രകടനമാണ് ആംആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നത്. 

 ഭരണം പ്രതീക്ഷിക്കുന്നില്ലെങ്കിലും രണ്ടാം സ്ഥാനത്തെത്താനാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. 2012ലെ തെരഞ്ഞെടുപ്പില്‍ 272ല്‍ 138 വാര്‍ഡുകളിലും ബിജെപിക്കായിരുന്നു ജയം. 77 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ജയിപ്പിച്ചത്. വടക്കന്‍ ദില്ലി കോര്‍പ്പറേഷനില്‍ 103ഉം തെക്കന്‍ ദില്ലിയില്‍ 104ഉം കിഴക്കന്‍ ദില്ലിയില്‍ 63ഉം വാര്‍ഡുകളിലേയും ജനവിധിയാണ് നാളെ അറിയുന്നത്. അടുത്തമാസം 14, 21 തീയതികളിലാണ് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മരിച്ചതിനെത്തുടര്‍ന്ന് മാറ്റിവച്ച രണ്ട് വാര്‍ഡുകളിലെ വോട്ടെടുപ്പ്