വരും ദിവസങ്ങളില്‍ വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് 12 ഭീകരരുടെ നുഴഞ്ഞുകയറ്റമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍

ശ്രീനഗര്‍:ജയ്ഷെ മുഹമ്മദ് ഭീകരര്‍ കാശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തും ദില്ലിയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം. പന്ത്രണ്ട് പേര്‍ കാശ്മീരിലേക്ക് കടന്നിരിക്കുന്നതായാണ് വിവരം. വരും ദിവസങ്ങളില്‍ വന്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരുടെ നുഴഞ്ഞുകയറ്റമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്‍റലിജെന്‍റ്സ് റിപ്പോര്‍ട്ടനുസരിച്ച് വിവിധ സംഘങ്ങളായാണ് ഭീകരര്‍ കാശ്മീരിലേക്ക് കടന്നിരിക്കുന്നത്. ശനിയാഴ്ച റംസാന്‍ ദിനത്തിലെ പതിനേഴാം നാളാണ്. അന്നാണ് ബദര്‍ യുദ്ധത്തിന്‍റെ വാര്‍ഷികവും. അന്ന് ആക്രമണം നടത്താനാണ് ഭീകരര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷവും ബദര്‍ യുദ്ധത്തിന്‍റെ വാര്‍ഷികദിനങ്ങളില്‍ ഭീകരര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ജയ്ഷെ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.

വരുന്ന രണ്ട് മൂന്നു ദിവസങ്ങളില്‍ ആക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തും തലസ്ഥാനമായ ദില്ലിയില്‍ പ്രത്യേകിച്ചും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.