ദില്ലി: ദില്ലിയിൽ ആൾദൈവത്തിന്‍റെ ആശ്രമത്തിൽ പീഡിപ്പിക്കപ്പെട്ടത് കുട്ടികളുൾപ്പെടെ നൂറുകണക്കിന് യുവതികൾ. ക്രൂരമായ പീഡനത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നത് സന്നദ്ധ സംഘടനയുടെ പരാതിയിൽ കോടതി അന്വേഷണ ഉത്തരവിട്ടപ്പോൾ .

ദില്ലി രോഹിണിയിലെ ആധ്യാത്മിക വിശ്യവിദ്യാലയമെന്ന ആശ്രമത്തിൽ നടന്ന പൊലീസ് പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.വിരേന്ദർ ദേവ ദീക്ഷിത് എന്നയാൾ സ്ഥാപിച്ച ആശ്രമത്തിൽ നൂറിലധികം പെൺകുട്ടികളെയാണ് തടവിൽ പാർപ്പിച്ചിരുന്നത് . ആധ്യാത്മികയുടെ മറവിൽ സ്ത്രീകളെയും കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു ഇയാൾ . ഭക്തരോട് തങ്ങളുടെ പെൺമക്കളെ അധ്യാത്മികത പഠിപ്പിക്കാൻ ആശ്രമത്തിലേക്കയക്കാൻ ആവശ്യപ്പെടും. പിന്നീട് ഇവരെ ലൈംഗികമായി ദുരുപയോഗം ചെയ്യും അതീവ ശോചനീയമായ സാഹചര്യത്തിലാണ് പെൺകുട്ടികളെ പാർപ്പിച്ചിരുന്നത് .മൃഗങ്ങളെ അടയ്ക്കുന്ന തരം ഇരുമ്പ് കൂട്ടിൽ പാർപ്പിച്ചിരുന്ന പെൺകുട്ടികളെ മയക്കുമരുന്ന് പ്രയോഗത്തിനുൾപ്പെടെ വിധേയരാക്കിയുരുന്നതായി റെയ്ഡിൽ പങ്കെടുത്ത ദില്ലി വനിതാകമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ മാധ്യമങ്ങളോട് പറഞ്ഞു. 1970 മുതൽ പ്രവർത്തിക്കുന്ന ആശ്രമത്തിന് രാജ്യത്ത് മറ്റിടങ്ങളിലും ശാഖകളുണ്ടോ എന്ന് സംശയമുണ്ട്.

ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ആശ്രമവക്താക്കൾ . പെൺകുട്ടികൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ താമസിക്കുന്നതെന്നും .ഇവർക്ക് നല്ല ഭക്ഷണം നൽകുന്നുണ്ടെന്നുമായിരുന്നു വിശദീകരണം . പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും കയ്യിൽ നിന്നും ഒപ്പിട്ടുവാങ്ങിയ മുദ്രപത്രങ്ങൾ ഇവർ പൊലീസിന് മുൻപാകെ ഹാജരാക്കി. ആശ്രമസ്ഥാപകൻ ദേവദീക്ഷിത് ഒളിവിലാണ് . ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് .പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഇതിനായി പ്രത്യേക മെഡിക്കൽ സംഘം രൂപികരിക്കണമെന്നും ദില്ലി ഹൈക്കോടതി നിർദ്ദേശിച്ചു. കോടതി കേസ് സി ബി ഐക്ക് കൈമാറി.