ഭര്‍ത്താവിന്‍റെ പിറന്നാള്‍ ആഘോഷിക്കാനായി ഡറാഡൂണ്‍ സ്വദേശിയായ സൊണാലി ഷെട്ടി എന്ന യുവതി തെരുവിലെ കുട്ടികളെയും കൂട്ടിയാണ് ദില്ലി കൊണാട്ട് പ്ലേസിലെ ശിവ്സാഗര്‍ റസ്റ്റോറന്‍റിലെത്തിയത്. എന്നാല്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത് റസ്റ്റോറന്‍റ് ഉടമ വിലക്കിയെന്നും കുട്ടികളെ പുറത്താക്കിയെന്നുമാണ് യുവതിയുടെ ആരോപണം.

ഭക്ഷണം കഴിക്കാതെ ഭക്ഷണശാലയ്‌ക്ക് പുറത്ത് ഏറെ നേരം പ്രതിഷേധിച്ച സൊണാലി പൊലീസില്‍ പരാതി നല്‍കി. സംഭവം വിവാദമായതോടെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിഷയത്തില്‍ ഇടപെട്ടു. ഉദ്ദ്യോഗസ്ഥരോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടതായും വിവേചനമുണ്ടായെന്ന് കണ്ടെത്തിയാല്‍ റസ്റ്റോറന്‍റിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും സിസോദിയ അറിയിച്ചു. എന്നാല്‍ കുട്ടികള്‍ ബഹളം വച്ചപ്പോഴാണ് പുറത്താക്കിയതെന്നും തെരുവു കുട്ടികളെ വിവേചനത്തോടെ കണ്ടിട്ടില്ലെന്നുമാണ് ഭക്ഷണശാല ഉടമകളുടെ വിശദീകരണം.