ദില്ലി: ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രണാതീതമായി തുടരുന്നു. പുറത്തിറങ്ങുന്നവര്‍ക്കെല്ലാം ശ്വാസതടസ്സവും കണ്ണെരിച്ചിലുമാണ്. ദില്ലിയില്‍ വിദ്യാലയങ്ങള്‍ ഞായറാഴ്ച വരെ അവധി നീട്ടി. യമുന എക്‌സ്‌പ്രസ് വേയില്‍ മൂടല്‍മഞ്ഞില്‍ 18 വാഹനങ്ങള്‍ കൂട്ടിയിടിച്ചു.അന്തരീക്ഷമാകെ പൂകമൂടിയ അവസ്ഥയിലാണ് ദില്ലി. പുറത്തിറങ്ങുന്നവര്‍ക്കെല്ലാം ശ്വാസംമുട്ടലും കണ്ണെരിച്ചിലുമാണ്.

പൊടിപടലങ്ങളും രാസപദാര്‍തഥങ്ങളും നിറഞ്ഞ് ദില്ലിയുടെ ഇപ്പോഴത്തെ അന്തരീക്ഷം അതീവഗുരുതരമായി. അന്തരീക്ഷമലിനീകരണം 11 മടങ്ങ് കൂടിയതോടെ ദില്ലിയില്‍ പ്രൈമറി വിദ്യാലങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അവധി ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ദില്ലി സര്‍ക്കാര്‍ നിര‍്ദ്ദേശം നല്‍കിയിട്ടുണ്ട്.

പുറത്തിറങ്ങാതിരിക്കാലാണ് ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന ഉപദേശം. മാസ്ക് ധരിച്ച് പുറത്തിറങ്ങുന്നതുപോലും സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ.കെ.കെ.അഗര്‍വാള്‍ പറഞ്ഞു. ഹൃദ്രോഗമുള്ളവര്‍ക്ക് മരണംവരെ സംഭവിക്കാവുന്ന സാഹചര്യവും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

അന്തരീക്ഷമലിനീകരണത്തിനൊപ്പം കനത്ത മൂടല്‍മഞ്ഞും ദില്ലിയില്‍ തുടരുകയാണ്. ദില്ലി-ആഗ്ര ഏക്‌സ്‌പ്രസ്സ് വേയില്‍ രാവിലെ മൂടല്‍മഞ്ഞിനെ 18 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു.