ദില്ലി: ദളിത് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കാഞ്ച ഇലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ സിലബസില്‍ നിന്ന് പിന്‍വലിക്കണമെന്ന് ദില്ലി സർവകലാശാല സ്റ്റാന്റിങ് കമ്മിറ്റി. ഹിന്ദുത്വത്തെ അപമാനിക്കുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. അക്കാദമിക പ്രസിദ്ധീകരണങ്ങളില്‍ ‘ദളിത്’എന്ന പദം ഒഴിവാക്കാനും കമ്മിറ്റി നിർദ്ദേശം നൽകി. സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചാല്‍ രണ്ട് തീരുമാനങ്ങളും നടപ്പാവും.

എം.എ പൊളിറ്റിക്കൽ സയൻസ് സിലബസില്‍ ഉള്‍പ്പെടുന്ന വൈ ഐ ആം നോട്ട് എ ഹിന്ദു (Why I am not a Hindu), ബഫലോ നാഷണലിസം (Buffalo Nationalsim),പോസ്റ്റ്-ഹിന്ദു ഇന്ത്യ (Post-Hindu India) എന്നീ പുസ്തകങ്ങൾ പിന്‍വലിക്കണമെന്നാണ് സർവകലാശാല സ്റ്റാന്റിങ് കമ്മിറ്റിയുടെ ആവശ്യം. ഇലയ്യക്ക് ഹിന്ദുത്വത്തെ കുറിച്ചുള്ള നിലപാടുകൾ മാത്രമാണ് പുസ്തകങ്ങളിലുള്ളതെന്നും വളർന്ന് വരുന്ന യുവ സമൂഹത്തിന് ഇവ പഠിക്കാൻ നൽകുന്നത് ഉചിതമല്ലെന്നും കമ്മിറ്റിയുടെ കണ്ടെത്തിയിട്ടുണ്ട്

പുസ്തകങ്ങൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അക്കാദമിക് കൗണ്‍സിലിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും  അംഗീകാരം ലഭിച്ചാല്‍ പുസ്തകങ്ങള്‍ ഒഴിവാക്കുമെന്നും അധികൃതർ അറിയിച്ചു. ഒപ്പം  കാഞ്ച ഇലയ്യയുടെ ദളിത് ബഹുജൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിൽ നിന്ന് ദളിത് എന്ന പദം ഒഴിവാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നു. വിവിധ സ്ഥലങ്ങളില്‍  ‘ദളിത്’ എന്ന വാക്ക് നിരോധിച്ചിട്ടുണ്ടെന്നും പകരം 'പട്ടിക ജാതി' എന്നുപയോഗിക്കണമെന്നുമാണ് ആവശ്യം.
 
അതേസമയം, സർവകലാശാലയുടെ നീക്കത്തെ വിമർശിച്ചു കൊണ്ട്  കാഞ്ച ഇലയ്യ തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ത ആശയങ്ങൾ ഇല്ലാതാക്കാനുള്ള വലതുപക്ഷങ്ങളുടെ ശ്രമമാണിതെന്നും തന്റെ പുസ്തകങ്ങള്‍ വർഷങ്ങളായി ദില്ലി സര്‍വകലാശാലയുടെ ഭാഗമാണെന്നും കാഞ്ച ഐലയ്യ പറഞ്ഞു. കോംബ്രിഡ്ജ് അടക്കമുള്ള വിദേശ സര്‍വകലാശലകളിലും തന്റെ പുസ്തകങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ടെന്നും  കാഞ്ച ഇലയ്യ കൂട്ടിച്ചേർത്തു.