വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് കുട്ടികള് ആധാര്‍ ഇല്ലാത്തതിനാല് സ്കൂളില് പ്രവേശനമില്ല പുരധിവാസ പദ്ധതികള് എങ്ങുമെത്തിയില്ല പ്രഖ്യാപിച്ച കോടികള്‍ പാഴായി  

ദില്ലി:വനിതാദിനത്തിൽ ദില്ലിയിലെ വനിതാ മാലിന്യ സംസ്കരണ തൊഴിലാളികൾക്ക് പറയാനുള്ളത് ദുരിതങ്ങളുടെ കഥ മാത്രം. ഇവർക്കായുള്ള പുനരധിവാസ പദ്ധതികൾ എങ്ങുമെത്തിയില്ല. ഗുരുതര രോഗങ്ങളിൽ വലഞ്ഞ് നൂറ് കണക്കിന് സ്ത്രീകളാണ് ജീവിതം തള്ളി നീക്കുന്നത്. 

രാജ്യം അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നതൊന്നും ബീഹാര്‍ സ്വദേശി രസ്മിത ഇപ്പോഴും അറിഞ്ഞിട്ടില്ല. ജനിച്ച നാളുമുതല്‍ ര്സമിതയുടെ ലോകം 200 അടി ഉയരത്തിലുള്ള ഈ മാലിന്യ കുന്നിലാണ്. രസ്മിതയടക്കം നൂറ് കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ബല്സ്വയില് അന്നം കണ്ടെത്തുന്നത്. 

മാലിന്യവണ്ടിയുടെ പുറകേ നായ്ക്കള്‍ക്കും ഈച്ചകള്‍ക്കുമൊപ്പം മത്സരിച്ച് പായും. മനുഷ്യവിസര്‍ജ്യം വരെ കെട്ടികിടക്കുന്നിടത്ത് നിന്ന് പുനരുദ്ധ്പാദന വസ്തുക്കള്‍ കണ്ടെത്തും. വിദ്യാഭ്യാസം നഷ്ടമായതിന്‍റെ വേദനയേക്കാള്‍ വിശപ്പിന്‍റെ വിളിക്കാണ് കാഠിന്യമെന്ന് മറുപടി.

ബീഹാറിന് പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇടനിലക്കാരാണ് മികച്ച കൂലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ എത്തിക്കുന്നത്. ന്യൂമോണിയ അടക്കം ഗുരുതരരോഗങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യമെന്ന ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിന് പിന്നാലെ പുനരധിവാസത്തിനായി നീതി അയോഗ് 150 കോടിയാണ് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ വര്‍ഷം മാത്രം വകയിരുത്തിയത് 80 കോടി. എന്നാല്‍ തിരിച്ചറില്‍ രേഖപോലും ഇല്ലാത്ത ഇവരുടെ ഇടയിലേക്ക് ഒന്നും എത്തിയില്ല.