ഒരു 'യുവതിയും' ഇങ്ങനെ വരനെ അന്വേഷിച്ച് കാണില്ല

First Published 13, Jan 2018, 6:17 PM IST
delhi women seeks boy in a different way
Highlights

ദില്ലി: വിവാഹം കഴിക്കാനുള്ള ഏറ്റവും അനുയോജ്യമായ പ്രായമേതാണെന്ന കാര്യത്തില്‍ നീണ്ട ചര്‍ച്ചകളും ഗവേഷണങ്ങളും നിരന്തരം നടക്കുമ്പോള്‍ വിവാഹാലോചന കൊണ്ട് വ്യത്യസ്തയാവുകയാണ് ദില്ലി സ്വദേശിനി സുല്‍ത്താന അബ്ദുള്ള. എയര്‍ ഇന്ത്യയില്‍ നീണ്ട മുപ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചതിന് ശേഷമാണ് ഈ അറുപതുകാരി വരനെ തേടുന്നത്. 

50 നും 65 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുമ്പോള്‍ സുല്‍ത്താനയ്ക്ക് ചില നിബന്ധനകള്‍ ഒക്കെയുണ്ട്. തമാശയും കുസൃതിയും ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കണം, സംഗീതത്തോട് താല്‍പര്യമുള്ളവരും ഊണുമേശയില്‍ ഏത് സാഹചര്യത്തില്‍ രാഷ്ട്രീയം വിളമ്പാത്തവരുമാകണം വരനെന്നാണ് സുല്‍ത്താനയുടെ ആഗ്രഹം. മൂന്ന് വര്‍ഷം നീണ്ട ഒരു വിവാഹ ജീവിതത്തിന്റെ പശ്ചാത്തലമുള്ള സുല്‍ത്താന കുട്ടികളും പേരക്കുട്ടികളും ഉള്ളവര്‍ക്കായിരിക്കും പ്രഥമ പരിഗണയെന്ന് വ്യക്തമാക്കുന്നു. 

കോമണ്‍ സെന്‍സും ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ച് അഭിമാനമുള്ളവരും ഒപ്പം പാശ്ചാത്യ സംസ്കാരത്തെ നിന്ദിക്കാത്തവരുമായിരിക്കണം വരന്‍. പ്രായം മറച്ച് വയ്ക്കാന്‍ മുടി കറുപ്പിക്കുന്നവര്‍ ആലോചനയുമായി വരേണ്ടെന്നാണ് സുല്‍ത്താനയുടെപക്ഷം. ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകളൊന്നുമില്ലാതെയാണ് സുല്‍ത്താന വരനെ തേടുന്നതെങ്കിലും പാര്‍സി മതത്തിലുള്ള വരനെ കിട്ടിയാല്‍ നന്നായിരുന്നെന്ന് ഒരു ആഗ്രഹം സുല്‍ത്താന മറച്ച് വയ്ക്കുന്നില്ല. ദില്ലിയിലെ ആഡംബര വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന സുല്‍ത്താനയ്ക്ക് സൈക്ലിങാണ് ഹോബി. 

loader