ദില്ലി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് ദില്ലി മൃഗശാലയ്ക്ക് നഷ്ടമായത് 325 മൃഗങ്ങളെ. ഇതില്‍ നൂറോളം മൃഗങ്ങളുടെ മരണ കാരണം ട്രൊമാറ്റിക്ക് ഷോക്കാണ്. റാബിസ് വൈറസ് മൂലം 33 മൃഗങ്ങളും മറ്റ് ചില അസുഖങ്ങള്‍ മൂലം ഇരുപത്തി മൂന്ന് മൃഗങ്ങളുമാണ് മരിച്ചത്.

ദില്ലി മൃഗശാലയിലെ മരണങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ലോകസഭാംഗം ചോദ്യങ്ങളുന്നയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്‍ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഉണ്ടായതിനെക്കാള്‍ വലിയ നഷ്ടമാണ് മൃഗശാലയ്ക്ക് ഇക്കഴിഞ്ഞ ഒരു വര്‍ഷമുണ്ടായിട്ടുള്ളത്. 2013 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 256 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 75 മാനുകളാണ് കഴിഞ്ഞ വര്‍ഷം മരിച്ചത്. ഇതില്‍ 58 ഓളം ബ്ലാക്ക് ബക്കുകളാണ്. മൃഗ സംരക്ഷണത്തിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്നും, നല്ല ഭക്ഷണം ലഭ്യമാക്കുകയും , വാസിനേഷന്‍ കൃത്യമായ സമയങ്ങളില്‍ കൊടുക്കുന്നുമുണ്ടെന്ന് മൃഗശാല അധികൃതര്‍ അവകാശപ്പെടുന്നത്. ട്രോമാറ്റിക്ക് ഷോക്ക് സംഭവിക്കുന്ന മൃഗങ്ങളെ പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. വ്യക്തമായ ലക്ഷണങ്ങള്‍ ഇവ സംഭവിക്കുന്ന മൃഗങ്ങള്‍ കാണിക്കാറില്ല. അതുകൊണ്ട് തന്നെ പല മൃഗങ്ങളും വേണ്ട ശുശ്രൂഷകള്‍ കിട്ടാതെ മരണമടയുകയാണ് പതിവ്.