തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടയില്‍ ട്രാഫിക് കുരുക്കില്‍ കുടുങ്ങിയ ഓട്ടോയില്‍ യുവതിക്ക് സുഖപ്രസവം. ചിറയിന്‍കീഴ് പട്ടണത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കടയ്‌ക്കാവൂര്‍ ഹനുമാന്‍പൊയ്ക കവിതാഭവനില്‍ ശംഭുവിന്റെ ഭാര്യ അശ്വതിയാണ് ഓട്ടോയ്‌ക്കുള്ളില്‍വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പണ്ടകശാല നായര്‍ കരയോഗം-ശാര്‍ക്കര ക്ഷേത്രം റോഡില്‍വെച്ചാണ് താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷ ട്രാഫിക് കുരുക്കില്‍ അകപ്പെട്ടത്. പ്രസവവേദന രൂക്ഷമായതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആംബുലന്‍സ് വിളിക്കാനായി പുറത്തിറങ്ങി. ഈ സമയമായിരുന്നു പ്രസവം നടന്നത്. അപ്പോള്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു ഓട്ടോഡ്രൈവറാണ് വേഗം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചത്. അമ്മയും കുഞ്ഞു സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡിന് സമീപത്തെ റെയില്‍വേ ഗേറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വാഹനഗതാഗതം ശാര്‍ക്കര വഴി തിരിച്ചുവിടകുയായിരുന്നു. ഇതിനാലാണ് റോഡില്‍ വന്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്.