റിയാദ്: സൗദിയില്‍ പുതിയ കറന്‍സികളും നാണയങ്ങളും വിതരണം തുടങ്ങി. സാമയുടെ ബ്രാഞ്ചുകളില്‍മാത്രമാണ് ഇപ്പോള്‍ പുതിയ കറന്‍സികള്‍ ലഭിക്കുക.

സൗദിയില്‍ കറന്‍സികളുടെയും കൊയിനുകളുടെയും ആറാമത് പതിപ്പ് തിങ്കളാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. സൗദി മോണിട്ടറി അതോറിറ്റിയുടെ രാജ്യത്തെ പത്ത് ബ്രാഞ്ചുകള്‍ വഴിയാണ് ഇപ്പോള്‍ പുതിയ കറന്‍സികള്‍ വിതരണം ചെയ്യുന്നത്. ഒരാള്‍ക്ക് പരമാവധി 3,215 റിയാലിന്റെ പുതിയ കറന്‍സി ദിനംപ്രതി ഈ ബ്രാഞ്ചുകളില്‍നിന്ന് മാറ്റിയെടുക്കാമെന്ന് സാമ അറിയിച്ചു. ഒന്നും രണ്ടും റിയാലിന്റെ പുതിയ കൊയിനുകളും, അഞ്ച്, പത്ത്, അമ്പത്, നൂറ്, അഞ്ഞൂറ് റിയാലുകളുടെ പുതിയ നോട്ടുകളുമാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. അഞ്ഞൂറ് റിയാല്‍നോട്ട്, രണ്ട് റിയാല്‍ കോയിന്‍ എന്നിവയില്‍ രാഷ്ട്രപിതാവ് അബ്ദുല്‍ അസീസ്‌ രാജാവിന്റെ ചിത്രങ്ങളും ബാക്കിയുള്ളവയില്‍ സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങളുമാണ് ഉള്ളത്. എ.ടി.എമ്മുകളിലും ഭൂരിഭാഗം ബാങ്കുകളിലും പുതിയ നോട്ടുകള്‍ ഇനിയും എത്തിയിട്ടില്ല. ഡിസംബര്‍ ശമ്പളം പഴയ നോട്ടുകളായി തന്നെ വിതരണം ചെയ്യും. പഴയ നോട്ടുകള്‍ അടുത്ത അഞ്ച് വര്‍ഷം വരെ വിപണിയില്‍ ഉണ്ടായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. പുതിയ കറന്‍സികള്‍ ഉടന്‍തന്നെ ബാങ്കുകളിലും എ.ടി.എമ്മുകളിലും ലഭിക്കും. പന്ത്രണ്ട് ബാങ്കുകള്‍ക്ക് കീഴിലായി 1996 ബ്രാഞ്ചുകള്‍ സൗദിയില്‍ ഉണ്ട്. 17,623 എ.ടി.എം മെഷിനുകളും രാജ്യത്തുണ്ട്.