ദില്ലി: പണം അസാധുവാക്കാനുള്ള തീരുമാനം രാഷ്ട്പതി പ്രണബ് മുഖർജിയുടെ ഓഫീസ് നേരത്തെ അറിയരുതെന്ന് തീരുമാനിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നീങ്ങിയതെന്ന് വ്യക്തമാകുന്നു. ഓ‍ർഡിനൻസിന് പകരം ഗസറ്റ് വിജ്ഞാപനത്തിനുള്ള തീരുമാനം രാഷ്ട്പതിയുടെ ഓഫീസ് വഴി ഇതു ചോരും എന്ന നിഗമനം കാരണമായിരുന്നു എന്നാണ് സൂചന.

പണം അസാധുവാക്കലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നല്കിയിരിക്കുന്ന ഹർജിയിലെ പ്രധാന വാദം സർക്കാർ 1978ലെ പണം അസാധുവാക്കൽ നിയമം വഴി പാർലമെന്റിനറ അനുമതി തേടിയില്ല എന്നതാണ്. പകരം ബ്രിട്ടീഷ് കാലത്ത് പാസ്സാക്കിയ റിസർവ്വ ബാങ്ക് നിയമത്തിലെ 134 വകുപ്പ് പ്രകാരം ഗസറ്റ് വിജ്ഞാപനത്തിലൂടെയായിരുന്നു. ഇതിനു മുമ്പ് 1978ൽ പണം അസാധുവാക്കലിന് ജനതാ സർക്കാർ തീരുമാനിച്ചപ്പോൾ രാഷ്ട്പതി ഒപ്പു വച്ച ഓർഡിനൻസ് ആദ്യം ഇറക്കുകയും പിന്നീട് പാർലമെന്റിന്റെ അനുമതി വാങ്ങുകയും ചെയ്തു. എന്നാൽ ഇത്തവണ വിജ്ഞാപനത്തിന്റെ വഴി തേടിയത് ഈ തീരുമാനം രാഷ്ട്രപതി ഭവൻ നേരത്തെ അറിയണ്ട എന്ന ലക്ഷ്യത്തൊടെയാണെന്നാണ് സൂചന.

ഓർഡിനൻസിനുള്ള ശുപാർശയാണെങ്കിൽ അത് രാഷ്ട്പതിയെ അറിയിക്കണം. അതിൽ രാഷ്ട്പതി ഒപ്പു വച്ച ശേഷമേ തീരുമാനം നടപ്പാകൂ. രാഷ്ട്പതി നേരത്തെ ഇതറിയരുതെന്ന് പ്രധാനമന്ത്രി ആഗ്രഹിച്ചോ. അതോ രാഷ്ട്രപതിയുടെ ഓഫീസിനു നേതൃത്വം നല്കുന്നവരിൽ നിന്ന് ഇത് ചോരും എന്ന് പിഎംഒ കരുതിയോ തുടങ്ങിയ സംശയങ്ങളാണ് ഉയരുന്നത്.

രാഷ്ട്രത്തോടുള്ള അഭിസംബോധനയ്ക്ക് അരമണിക്കൂർ മുമ്പ് മാത്രമാണ് മോദി രാഷ്ട്പതിയെ വിവരം അറിയിച്ചത്. നിയമക്കുരുക്ക് ഒഴിവാക്കി എങ്ങനെ വിജ്ഞാപനം തയ്യാറാക്കാം എന്ന് ചർച്ച ചെയ്ത വിദഗ്ധർ നോർത്ത് ബ്ളോക്കിൽ ബജറ്റ് തയ്യാറാക്കുന്ന രഹസ്യമുറിയിൽ ഒരു ദിവസം തങ്ങി.