ദില്ലി: നോട്ട് അസാധുവാക്കലിനെതിരെയുള്ള തുടർപ്രക്ഷോഭം തീരുമാനിക്കാൻ കോൺഗ്രസ് നാളെ വിളിച്ചിരിക്കുന്ന സംയുക്ത പ്രക്ഷോഭത്തിൽ നിന്ന് ഇടതുപക്ഷവും ഭൂരിപക്ഷം പ്രാദേശിക പാർട്ടികളും വിട്ടു നില്ക്കും. കേരളത്തിലെ കോൺഗ്രസിന്‍റെ നിഷേധാത്മക നിലപാട് കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് സിപിഎം വ്യക്തമാക്കി. ഇതിനിടെ കോൺഗ്രസ് നേതാക്കളുടെ പേരുള്ള സഹാറ പട്ടിക രാഹുൽ ഗാന്ധി പുറത്തുവിട്ടത് വേദനിപ്പിച്ചു എന്ന് മുൻ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുറന്നടിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി കണ്ടത് പാർലമെന്‍റ് ശീതകാല സമ്മേളനത്തിന്റെ അവസാന ദിനത്തിൽ പ്രതിപക്ഷ ഐക്യം തകരാനിടയാക്കിയിരുന്നു. ഇത് പരിഹരിക്കാൻ നാളെ ദില്ലിയിലെ കോൺസ്റ്റിറ്റ്യൂഷന്‍ ക്ളബിൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം വിളിക്കാനുള്ള കോൺഗ്രസ് നീക്കവും പാളി. രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ച കൈക്കൂലി ആരോപണം ഉൾപ്പടെയുള്ള വിഷങ്ങളിൽ സംയുക്ത പ്രക്ഷോഭം തീരുമാനിക്കാനാണ് യോഗം. 

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. എന്നാൽ ഭൂരിപക്ഷം പ്രാദേശിക പാർട്ടികളും ഇടതുപക്ഷവും യോഗത്തിൽ നിന്ന് വിട്ടുനില്ക്കും. കേരളത്തിൽ സഹകരണവിഷയത്തിൽ സംയുക്ത പ്രക്ഷോഭമെന്ന നിർദ്ദേശം കോൺഗ്രസ് തള്ളിയതും ഈ തീരുമാനത്തിലെത്താൻ പ്രേരിപ്പിച്ചെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. പാർലമെന്‍റിന് പുറത്തുള്ള സഖ്യത്തിന് ഇപ്പോൾ സാഹചര്യമില്ലെന്ന് സീതാറാംയെച്ചൂരി പറഞ്ഞു.

ഇതിനിടെ സഹാറ പേപ്പറുകൾ രാഹുൽ ഗാന്ധി ആയുധമാക്കിയതിൽ കോൺഗ്രസിലും അതൃപ്തി പുകയുന്നുണ്ട്. തന്റെ പേര് പരാമർശിക്കുന്ന സഹാറ പേപ്പർ പുറത്തുവിട്ടത് വേദനിപ്പിച്ചെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ഷീലാ ദീക്ഷിത് തുറന്നടിച്ചു. . കോൺഗ്രസിനെ തിരിഞ്ഞു കുത്തുന്ന ആരോപണം ഉന്നയിക്കും മുമ്പ് രാഹുൽ ഗാന്ധി തനിക്കു ചുറ്റുമുള്ള ചിലരോടു മാത്രമാണ് ആലോചിച്ചതെന്ന പരാതി കോൺഗ്രസിൽ ഉയരുന്നുണ്ട്. ഭൂകമ്പം ഉണ്ടാക്കുമെന്ന് അവകാശപ്പെട്ട ശേഷം കാര്യമായ ഒന്നും പുറത്തുകൊണ്ടുവരാൻ രാഹുലിന് കഴിയാത്തതും കോൺഗ്രസ് നീക്കങ്ങളിൽ നിന്ന് വിട്ടു നില്ക്കാൻ മറ്റു പ്രതിപക്ഷ പാർട്ടികളെ പ്രേരിപ്പിക്കുന്നുണ്ട്.